Headlines News :
Home » , , , » ഒരു അറേബ്യന്‍ പ്രണയകഥ

ഒരു അറേബ്യന്‍ പ്രണയകഥ

Written By Unknown on Wednesday, 1 April 2015 | 17:41:00

Print Friendly and PDF
ഇത് ഒരു അതിമനോഹരപ്രണയകഥയാണ്.. എല്ലാ പ്രണയകഥകളെയും പോലെത്തന്നെ പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും തകരാത്ത പ്രണയത്തിന്റെ കഥ.. പക്ഷെ പ്രണയം എന്നാല്‍ വിവാഹത്തിന് മുമ്പ് മാത്രം ഉണ്ടാവുന്ന ഒരു പ്രതിഭാസം ആണെന്നും പ്രതിസന്ധികള്‍ മറികടന്നു കൊണ്ട് വിവാഹത്തിലെത്തുന്നതോട് കൂടെ കഥയുടെ ക്ലൈമാക്സ് ആകുന്നു എന്നുമുള്ള ഒരു സ്റ്റീരിയോടൈപ്പ് ചിന്തയാണ് നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വന്നതെങ്കില്‍ അത് ആദ്യമേ ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊള്ളുക.. കാരണം ഈ പ്രണയകഥയുടെ ക്ലൈമാക്സ് അല്ല വിവാഹം.. മറിച്ചു, വിവാഹം ഇതിന്റെ തുടക്കമാണ്.. നബിയുടെയും ഖദീജയുടെയും പുത്രി സൈനബും ഖദീജയുടെ അനന്തരവന്‍ അബുല്‍ ആസും തമ്മിലുള്ള ഒരു അതിമനോഹരപ്രണയകഥ.. ഒരു അറേബ്യന്‍ പ്രണയകഥ..!! ഈ കഥ തുടങ്ങുന്നത് മുഹമ്മദ്‌, നബിയാകുന്നതിനും മുമ്പാണ്.. അല്‍ അമീന്റെ സൗന്ദര്യവും പുഞ്ചിരിയും ആവോളം പകര്‍ന്നു കിട്ടിയ, തന്റെ അമ്മായിയുടെ മകള്‍ കൂടിയായ സൈനബിനെ അബുല്‍ ആസ് ആദ്യം മുതലേ ഇഷ്ടപ്പെട്ടിരുന്നുവോ.. അതോ മക്ക മുഴുവന്‍ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന അല്‍ അമീന്റെ മകള്‍ എന്ന കാരണമോ.. എന്താണെന്നറിയില്ല.. എന്തായാലും അബുല്‍ ആസ് ആണ് അല്‍ അമീനോട് അങ്ങോട്ട്‌ പോയി മകളെ ആലോചിച്ചത്.. അദ്ദേഹം സൌമ്യമായി പുഞ്ചിരിച്ചു.. ഖുറൈഷി ഗോത്രത്തിലെ അറിയപ്പെടുന്ന കുടുംബത്തില്‍ പിറന്ന ഈ യുവകോമളനെ ആരാണ് മരുമകനായി ആഗ്രഹിക്കാത്തത്..?

"ഞാന്‍ അവളോട്‌ കൂടെ ഒന്ന് ചോദിക്കട്ടെ.."

അദ്ദേഹം സൈനബിനോട് കാര്യം അവതരിപ്പിച്ചു.. സുന്ദരമായ ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. ഇടംകണ്ണിട്ടു കൊണ്ട് പിതാവിനെ നോക്കി ഒരു പുഞ്ചിരി.. അതായിരുന്നു സൈനബിന്റെ മറുപടി.. തിഹാമയെയും യഥ്രീബിനെയും കോരിത്തരിപ്പിച്ച ഒരു പ്രണയകാവ്യം മരുഭൂമിയില്‍ മരുപ്പച്ച പോലെ രചിക്കപ്പെടുകായിരുന്നു അവിടം മുതല്‍...

അവര്‍ വിവാഹിതരായി.. മക്കയിലെ ഓരോ പ്രണയജോഡികളും അസൂയയോടെ നോക്കും വിധം ഉമ്മുല്‍ ഖുറാവിന്‍റെ മണലാരണ്യത്തില്‍ അവര്‍ പ്രണയത്തിന്റെ മലര്‍വ്വനികള്‍ തീര്‍ത്തു.. സൂര്യന്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന മരുഭൂവിന്റെ ഗ്രീഷ്മത്തിലും പ്രണയത്തിന്‍റെ തണല്‍ അവര്‍ക്ക് കുളിരേകി.. ആ ദാമ്പത്യവല്ലരിയില്‍ രണ്ടു കുസുമങ്ങള്‍ വിരിഞ്ഞു.. അലിയും ഉമൈമയും.. 

പക്ഷെ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്.. ഒരിക്കലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടില്ലാത്ത അവരുടെ ജീവിതത്തില്‍ ആദ്യമായി കരിനിഴല്‍ വീഴ്ത്തിയത് ഒരു വെളിച്ചമായിരുന്നു.. 'മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല' എന്ന ആപ്തവാക്യത്തിന്റെ പുതുനിയോഗമായി, ഇരുണ്ട യുഗത്തെ സുവര്‍ണ്ണം ആക്കാന്‍ ദൈവം ദൌത്യം ഏല്‍പ്പിച്ച വിമോചകന്‍ സൈനബിന്റെ പിതാവാവുകയായിരുന്നു.. മക്കയുടെ വിഹ്വലതകള്‍ ജാഹിലിയ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഒരു രാത്രിയുടെ ഏതോ യാമത്തില്‍, അല്‍ അമീന്‍ തപസ്സിന്റെ എഴുവാനങ്ങളും പിന്നിട്ട ഏതോ ഒരു നിമിഷത്തില്‍, ആയിരം വര്‍ണ്ണച്ചിറകുകള്‍ വീശി ഗബ്രിയേല്‍ മാലാഖ വന്നിറങ്ങിയ നിമിഷം മുതല്‍ മക്ക അനുഭവിച്ച മാറ്റങ്ങള്‍ സൈനബിന്റെയും അബുല്‍ ആസിന്‍റെയും കൂടി ആയിരുന്നു..

ശാമിലെ കച്ചവടം കഴിഞ്ഞു മടങ്ങിയെത്തിയ അബുല്‍ ആസിനെ കാത്തിരുന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. തന്റെ പ്രിയതമ തന്നോട് ആലോചിക്കുക പോലും ചെയ്യാതെ ഇസ്ലാമിനെ പുല്‍കിയിരിക്കുന്നു.. കാലങ്ങളായി മക്ക പാലിച്ചുപോന്ന ജീവിതവ്യവസ്ഥകള്‍ ഉപേക്ഷിച്ചിരിക്കുന്നു.. അവള്‍ അവനോടു എല്ലാം തുറന്നു പറഞ്ഞു.. ഹിറാഗുഹയിലെ നീരുറവ അവനിലും കുളിര് പകരുമെന്ന് കരുതിയ അവള്‍ക്ക് ആദ്യമായി അന്ന് അവന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു.. 

"എന്നോട് ചോദിക്കാതെ നീ എന്തിനു ഈ തീരുമാനം എടുത്തു..?"

"സത്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്..? എനിക്കെങ്ങനെ എന്റെ പിതാവില്‍ അവിശ്വസിക്കാന്‍ കഴിയും? അദ്ദേഹം അല്‍ അമീനും അല്‍ സിദ്ധീഖും ആണെന്നും നുണ പറയാത്തവന്‍ ആണെന്നും നിങ്ങള്‍ക്കും അറിയാവുന്നതല്ലേ..? ഞാന്‍ മാത്രമല്ല, എന്റെ ഉമ്മയും സഹോദരിമാരും എന്റെ പിതാവിന്റെ പിതൃവ്യപുത്രന്‍ അലിയും നിങ്ങളുടെ മാതുലപുത്രന്‍ ഉസ്മാനും നിങ്ങളുടെ സുഹൃത്ത്‌ അബൂബക്കറും എല്ലാം ഇസ്ലാം സ്വീകരിചിട്ടുണ്ടല്ലോ.. പിന്നെ എന്താ?" സൈനബിന്റെ ശബ്ദം ഇടറിയോ..

"എന്തായാലും എന്റെ കാര്യത്തില്‍ തന്റെ പത്നിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പിതാക്കളെയും പൂര്‍വ്വപിതാമാഹന്മാരെയും കുടുംബത്തെയും കാലങ്ങളായി മുറുകെപിടിച്ചു പോന്ന വിശ്വാസങ്ങളെയും എല്ലാം തള്ളിപ്പറഞ്ഞവന്‍ എന്ന് ജനം എന്നെ വിളിക്കുന്നത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.."

കവിളുകളില്‍ കണ്ണീരുകള്‍ ചാലിട്ടൊഴുകുന്ന തന്റെ പ്രിയതമയെ മാറോടു ചേര്‍ത്ത് അയാള്‍ ഒന്നുകൂടി പറഞ്ഞു.. "നിന്നെയും നിന്റെ പിതാവിനെയും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.. ഞാനൊരിക്കലും ഖുറൈഷിപ്രഭുക്കന്മാര്‍ ചെയ്യുന്ന പോലെ നിന്റെ പിതാവിനെ അധിക്ഷേപ്പിക്കില്ല.. എങ്കിലും എനിക്കെന്റെ വിശ്വാസങ്ങള്‍ വലുതാണ്‌.. അതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.. നീ എന്നെ മനസ്സിലാക്കുക.. എന്നോട് ക്ഷമിക്കുക.."

"എന്താണ് നീ ഈ പറയുന്നത്? ഞാന്‍ അല്ലാതെ പിന്നെ ആരാണ് നിന്നെ മനസ്സിലാക്കാനും നിന്നോട് ക്ഷമിക്കാനും ആയി ഇവിടെ ഉള്ളത്? എന്തൊക്കെ സംഭവിച്ചാലും നമ്മുടെ സ്നേഹത്തിനു അതൊന്നും പോറല്‍ ഏല്‍ക്കുന്നില്ലല്ലോ..? ഞാനെന്നും നിന്റെ കൂടെ ഉണ്ടാകും.. ഒരുനാള്‍ നീ സത്യത്തിലേക്ക് വരുമെന്ന്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു.." 

-------------------

ഹിറയില്‍ കൊളുത്തിയ വിപ്ലവത്തിന്റെ തീനാളം ഗോത്രമേല്‍ക്കോയ്മയുടെ പാഴ്ദൈവങ്ങള്‍ക്ക് നേരെ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍, തങ്ങളെ അടിമകളാക്കി നിര്‍ത്തിയ ജാഹിലിയ്യത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെ വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കി അടിയാളന്‍മാര്‍ ദൈവദൂതന്റെ കീഴില്‍ അണിനിരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മക്ക അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ചേരികള്‍ ആവുകയായിരുന്നു.. അതില്‍ പരസ്പരം എതിര്‍പക്ഷത്ത് നിന്ന് കൊണ്ടും അഗാധമായി സ്നേഹിക്കുന്ന രണ്ടു പേര്‍.. അബുല്‍ ആസും സൈനബും.. പതിമൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി..

അപ്പോഴാണ്‌ മക്കയില്‍ നിന്നും മദീനയിലേക്ക് നിര്‍ബന്ധപലായനം- 'ഹിജ്റ' വരുന്നത്.. സൈനബിനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കണോ അതോ ജീവശ്വാസത്തേക്കാള്‍ താന്‍ വിലമതിക്കുന്ന തന്റെ ആദര്‍ശത്തെ അനുസരിക്കണോ..? താന്‍ അബുല്‍ ആസിനെ ഉപേക്ഷിച്ചാല്‍ തനിക്കുണ്ടാവുന്ന വിഷമത്തേക്കാള്‍ അബുല്‍ ആസിനുണ്ടാവാന്‍ പോകുന്ന വിരഹവേദന ആയിരുന്നു അവളെ കൂടുതല്‍ കുഴക്കിയത്.. തന്റെയീ ധര്‍മ്മസങ്കടം അവള്‍ പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു..

"പിതാവേ.. ഞാന്‍ ഒരിക്കലും എന്റെ ആദര്‍ശത്തെ കൈവെടിയില്ല.. പക്ഷെ എന്നെ അബുല്‍ ആസിന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കാമോ? എനിക്കൊരു ഇളവു നല്‍കാമോ? അബുല്‍ ആസ് ഇസ്ലാമിലേക്ക് വരും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.."

എന്നും നിയമത്തിലെ ഇളവുകള്‍ നിയമങ്ങള്‍ ആക്കുന്ന സുന്ദരപ്രത്യയശാസ്ത്രത്തിന്റെ വക്താവിന് അല്‍പ്പം പോലും ആലോചിക്കേണ്ടി വന്നില്ല.. ഒരു പുഞ്ചിരിയായിരുന്നു മറുപടി..

"നിനക്ക് വേണമെങ്കില്‍ നിന്റെ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നില്‍ക്കാം.."

അങ്ങനെ അവിശ്വാസിയുടെ ഭാര്യ ആയി വിശ്വാസി ആയ സൈനബ് മക്കയില്‍ തന്നെ ജീവിച്ചു പോന്നു.. അബുല്‍ ആസിന്റെ കൂടെ തന്നെ ജീവിക്കാന്‍ അനുവാദം കിട്ടിയപ്പോള്‍ സൈനബില്‍ തിരതല്ലിയ ആനന്ദത്തിനു അതിരില്ലായിരുന്നു.. പക്ഷെ വെണ്ണക്കല്ലുകളിലെ കറുത്ത കുത്തുകള്‍ പോലെ എന്നും അബുല്‍ ആസിന്റെ അവിശ്വാസം അവളില്‍ ഒരു നൊമ്പരമായി നിലകൊണ്ടു.. അബുല്‍ ആസിനെ വിശ്വാസത്തിലേക്ക് കൊണ്ട് വരാന്‍ അവള്‍ ആവതും ശ്രമിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.. പക്ഷെ അവരുടെ പ്രണയം ഒരിക്കലും പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല..

പക്ഷെ.... ഒരു വലിയ പരീക്ഷണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു..

ബദര്‍..!! ഫുര്‍ഖാന്‍ ഏടുകളില്‍ നിന്നും മണ്ണിലേക്കിറങ്ങുന്നു.. വിമോചനത്തിന്റെ ദൌത്യം ഏറ്റെടുത്ത പ്രത്യയശാസ്ത്രം അതിന്റെ പ്രഥമശത്രുക്കളുമായി അതിജീവനത്തിന്റെ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നു.. ബദര്‍ യുദ്ധത്തെ പലരുടെയും കണ്ണിലൂടെ നാം നോക്കി കണ്ടിട്ടുണ്ട്.. നബിയുടെ, അബൂബക്കറിന്റെ, ഉമറിന്റെ, അലിയുടെ, ഹംസയുടെ, ബിലാലിന്റെ, അബൂഉബൈദയുടെ, അബൂഹുദൈഫയുടെ എന്തിനു ശത്രുസൈന്യാംഗങ്ങളില്‍ പെട്ട പലരുടെയും വരെ കണ്ണുകളിലൂടെ.. പക്ഷെ സൈനബിന്റെ കണ്ണിലൂടെ ആരെങ്കിലും ബദറിനെ നോക്കി കണ്ടിട്ടുണ്ടോ..? രണ്ടു സൈന്യങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ അതിലൊന്നില്‍ തന്റെ പിതാവുണ്ട്.. മറുസൈന്യത്തില്‍ തന്റെ ഭര്‍ത്താവും.. ഒരുപക്ഷെ അബുല്‍ ആസ് അന്നാദ്യമായാവാം സൈനബ് ഒരുക്കികൊടുത്തതല്ലാത്ത വസ്ത്രങ്ങളും അലങ്കാരങ്ങളും അണിഞ്ഞു യാത്ര ചെയ്തത്.. സൈനബിനേറെ പ്രിയപ്പെട്ട രണ്ടുപേര്‍ നാളെ ബദറില്‍ മുഖാമുഖം ഏറ്റുമുട്ടാന്‍ പോകുന്നു.. 

ബദര്‍ രണഭൂമിയില്‍ നിന്നും കാതങ്ങളകലെ മക്കയിലെ ആ വീട്ടില്‍ നിന്നും തന്റെ രണ്ടു കുഞ്ഞുങ്ങളെയും മാറോടണക്കിപ്പിടിച്ചു കൊണ്ട് നബിപുത്രിയുടെ കണ്ഠനാളത്തില്‍ നിന്നും മാനത്തേക്കുയര്‍ന്ന നിലവിളികള്‍.....

"ദൈവമേ.. ആകാശഭൂമികളുടെ നാഥാ.. നാളത്തെ പ്രഭാതം ആരെയാണ് അനാഥയാക്കാന്‍ പോകുന്നത്? എന്നെയോ..... എന്റെ മക്കളെയോ.......??


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template