Headlines News :
Home » , , » ഒരു അറേബ്യന്‍ പ്രണയകഥ (ഭാഗം 2)

ഒരു അറേബ്യന്‍ പ്രണയകഥ (ഭാഗം 2)

Written By Unknown on Saturday, 4 April 2015 | 17:15:00

Print Friendly and PDF

കാലത്തിന്റെ അനിവാര്യത തന്നെയായിരുന്നു അത്.. ചരിത്രത്തില്‍ ഇതിനു മുമ്പും എത്രയോ വമ്പന്മാര്‍, എത്രയോ ഉന്നതന്മാര്‍ എന്ന് അവകാശപ്പെട്ടവര്‍ ഇവ്വിധം നിലം പതിച്ചിട്ടുണ്ട്. നംറൂദ്, ഫറോവ, ഹാമാന്‍..... ഒരാള്‍ക്ക് വേണ്ടിയും ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തിട്ടില്ല.. മക്കയുടെ പ്രമാണിക്കൂട്ടങ്ങളുടെ നേതാവ് അബൂജഹല്‍ രണ്ടു അന്‍സാരിപിള്ളേരുടെ വാള്‍മുനയില്‍ തീര്‍ന്നപ്പോള്‍ അവരിലേക്ക് ഒരുനാമം കൂടി എഴുതി ചേര്‍ക്കപ്പെടുക മാത്രമായിരുന്നു..

നീതിയുടെ പോരാളികള്‍ക്കായി മാലാഖമാരുടെ സൈന്യം മണ്ണിലിറങ്ങിയപ്പോള്‍ ബദറില്‍ ജയം മുസ്ലിംകള്‍ക്ക്.. "എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്.!!"
----------
സൈനബ് കാത്തിരിക്കുകയാണ്.. നിറകണ്ണുകളോടെ.. അവളുടെ ഹൃദയമിടിപ്പിന് ബദറിലെ കുതിരക്കുളമ്പടികളുടെ താളമാണ്.. വാര്‍ത്തയുമായി എത്തിയ ആളെ കണ്ടതും അവള്‍ ഓടി അയാളുടെ അടുത്തേക്ക് ചെന്നു..
"എന്റെ പിതാവിന് എങ്ങനെയുണ്ട്?"
"അദ്ദേഹം സുരക്ഷിതനാണ്. യുദ്ധം മുസ്ലിംകള്‍ ജയിച്ചു.."
"ദൈവത്തിനു സ്തുതി.." ഹൃദയത്തില്‍ ഒരു അഗ്നിനിറച്ചു കൊണ്ട്, വിറയാര്‍ന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും ചോദിച്ചു.. "എന്റെ ഭര്‍ത്താവ്..?"
"അദ്ദേഹം ബന്ധിയാക്കപ്പെട്ടു. മോചനമൂല്യം നല്‍കിയാല്‍ വിട്ടയക്കപ്പെടും.."
"ദൈവമേ.... സര്‍വ്വലോകപരിപാലകാ... നിനക്കാകുന്നു സര്‍വ്വസ്തുതിയും... നന്ദി, ഒരായിരം നന്ദി...!!"
----------
മദീനയില്‍ ബദറിന്റെ ജേതാവ് ദൈവദൂതന്‍ മുഹമ്മദ്‌, ബന്ധികളെ മോചനമൂല്യം സ്വീകരിച്ചു വിട്ടയക്കുന്ന തിരക്കിലാണ്.. മക്കയുടെ നേതാക്കള്‍, ഉന്നതകുലജാതര്‍, പ്രമാണിമാര്‍ തങ്ങള്‍ ആട്ടിയോടിച്ചവന്റെ മുന്നില്‍, തങ്ങള്‍ മര്‍ദ്ദിച്ചവരുടെ, അടിമകള്‍ ആക്കിയവരുടെ മുന്നില്‍ കുനിഞ്ഞ ശിരസ്സുകളോടെ നില്‍ക്കുന്നു.. കാലത്തിന്റെ കാവ്യനീതി..!!
അടുത്തതായി തിളങ്ങുന്ന ഒരു മുത്തുമാല നബിയുടെ കയ്യിലെത്തി.. ഒരു നിമിഷം..! നബി സ്തബ്ദനായി അതിലേക്ക് തന്നെ നോക്കിനിന്നുപോയി..!! പതിയെ.. ആ മനോഹരനയനങ്ങള്‍ അശ്രുകണങ്ങളാല്‍ അവ്യക്തമായി..
"ഇതാരുടെ മോചനമൂല്യം ആണ്..?"
"അബുല്‍ ആസ് ഇബ്നു റബീഹ്.."
ഒരു തുള്ളി കണ്ണീര്‍ നബി പോലും അറിയാതെ അദ്ദേഹത്തിന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങി.. സഹാബികള്‍ക്ക് ഇത് ഞെട്ടലുണ്ടാക്കി.. താഇഫിന്റെ പീഡനങ്ങള്‍, മക്കയുടെ ക്രൂരതകള്‍, കുടല്‍മാലക്കടിയില്‍ കിടന്ന വേദനകള്‍ നനയ്ക്കാത്ത തങ്ങളുടെ നായകന്‍റെ നയനങ്ങള്‍ ഇതാ നിറഞ്ഞിരിക്കുന്നു..
"നബിയേ.. എന്ത് പറ്റി?"
ഇടറുന്ന ശബ്ദത്തോടെ നബി അത് പറഞ്ഞൊപ്പിച്ചു.. 
"ഇത്.... ഇതെന്‍റെ ഖദീജയുടെ മാലയാണ്..!!"
സമ്മിലൂനീ...... സമ്മിലൂനീ.......
ഖദീജ..! മുഹമ്മദിന്റെ പ്രിയപത്നി.. പ്രതിസന്ധികളില്‍ എന്നും നബിയ്ക്ക് താങ്ങും തണലുമായി നിന്നവള്‍.. അസ്ഥികളില്‍ കുളിര് പകരുന്ന ജ്വരതീക്ഷ്ണതയില്‍ തനിക്ക് പുതപ്പേകിയവള്‍, തന്റെ വിഹ്വലതകളില്‍ എന്നും തന്റെ മടിത്തട്ട് തലയിണയാക്കി തന്നവള്‍, സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും തന്നെ വിശ്വസിച്ചു ശിഅബു അബീത്വാലിബിന്റെ പട്ടിണിയിലേക്ക് ഇറങ്ങി വന്നവള്‍.. മരണപ്പെടുന്നതിനു മുമ്പ് ഖദീജ സൈനബിനു നല്‍കിയ അവരുടെ മാലയാണ് ഇപ്പോള്‍ വീണ്ടും തന്‍റെ കണ്മുന്നില്‍ എത്തിയിരിക്കുന്നത്.. മദീനയില്‍, ബദറിന്റെ വിജയം ആഹ്ലാദം പകരുന്ന ആ സായാഹ്നത്തില്‍ ഓര്‍മ്മകള്‍ ഇരമ്പുകയായിരുന്നു.. അന്ന്, അവിടെ കൂടി നിന്ന ഓരോ ആളും നബിക്കൊപ്പം ആ വിരഹവേദന അറിഞ്ഞു..
"എന്റെ പ്രിയ സഹചരന്മാരെ.. നിങ്ങളില്‍ എല്ലാവര്‍ക്കും, നിങ്ങളിലെ അവസാനത്തെ ആള്‍ക്ക് വരെ സമ്മതം ആണെങ്കില്‍.. പൂര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം.. ഞാനീ മാല എന്റെ മകള്‍ക്ക് തന്നെ തിരികെ നല്‍കിക്കോട്ടേ?
അവര്‍ക്ക് ഉത്തരം നല്‍കാന്‍ അല്‍പ്പം പോലും സംശയിക്കേണ്ടി വന്നില്ല.. നബിയുടെ വേദന ആവാഹിച്ച മനസ്സുകള്‍ കൂട്ടമായി മറുപടി നല്‍കി.. "തീര്‍ച്ചയായും നബിയെ.. അത് തിരികെ നല്‍കിയാലും.."

അബുല്‍ ആസ് മോചിതനായി.. തിരിച്ചയക്കും മുമ്പ് നബി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സ്വകാര്യമായി ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു..

"ഞങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വന്നതോട് കൂടി നീയിപ്പോള്‍ ഇസ്ലാമിന്റെ തന്നെ ശത്രു ആയി മാറിയിരിക്കുന്നു.. ഒരു മുസ്ലിമിന് ഭര്‍ത്താവായിരിക്കാന്‍ നീയിപ്പോള്‍ യോഗ്യനല്ലാതായിരിക്കുന്നുവല്ലോ.. അതിനാല്‍ സൈനബിനോട് മദീനയില്‍ ഇസ്ലാമികസമൂഹത്തോടൊപ്പം ചേരാന്‍ ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്ന വിവരം അവളെ അറിയിക്കുക.."
നെഞ്ഞില്‍ അതിശക്തമായ ഒരു പ്രഹരം കിട്ടിയത് പോലെയായിരുന്നു ആ വാക്കുകള്‍ അബുല്‍ ആസിനു.. പക്ഷെ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല.. കുനിഞ്ഞ ശിരസ്സുമായി അയാള്‍ മദീന വിട്ടു..
----------
മക്കയുടെ അതിര്‍ത്തിയില്‍ അബുല്‍ ആസിന്റെ വരവും കാത്തു ആകാംക്ഷയോടെ നില്‍ക്കുകയാണ് സൈനബ്.. ഒടുവില്‍ അതാ.. മരുഭൂമിയില്‍ ദൂരെ പൊട്ടു പോലെ അവള്‍ക്കവനെ കാണാം.. മുഖത്ത് ആശങ്ക മാറി പുഞ്ചിരി നിറഞ്ഞു..
പക്ഷെ.. പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല. അബുല്‍ ആസ് അവളെ വാരിപ്പുണര്‍ന്നില്ല.. മുഖത്ത് ചുടുചുംബനങ്ങള്‍ നല്‍കിയില്ല.. ആ മാല അവളുടെ കയ്യില്‍ വച്ച് കൊടുത്തു അവന്‍ അവളോട്‌ അവളുടെ പിതാവ് പറയാന്‍ ആവശ്യപ്പെട്ട കാര്യം മാത്രം പറഞ്ഞു.. ഒരുതരം നിര്‍വ്വികാരതയോടെ...
സൈനബ് ഒന്നും പറഞ്ഞില്ല.. എത്ര പെട്ടെന്നാണ് ദുഃഖവും സന്തോഷവും എല്ലാം മാറി മാറി മറിയുന്നത്.. നിര്‍വ്വികാരരായി, നിശബ്ദരായി അവര്‍ വീട്ടിലേക്ക് തിരിച്ചുനടന്നു.. ഒരുനാള്‍ അവര്‍ പ്രണയത്തിന്റെ മലര്‍വനികള്‍ തീര്‍ത്ത മക്കയുടെ വഴിത്താരകളിലൂടെ പ്രണയശൂന്യതയുടെ ഭാരവും ഹൃദയത്തിലേറ്റി.. അവര്‍ ഒന്നും പരസ്പരം സംസാരിച്ചില്ല.. അവരുടെ ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു..
സൈനബ്... അവളുടെ ചിന്തകള്‍.. ആദര്‍ശത്തോടുള്ള പ്രണയവും പ്രിയതമനോടുള്ള പ്രണയവും തമ്മില്‍ ഹൃദയരണാങ്കണത്തില്‍ പോരാടിയ നിമിഷങ്ങള്‍.. ഒടുവില്‍ അതിലൊരു പ്രണയം അവിടെ പരാജയപ്പെട്ടു വീണു, മരിച്ചില്ലെങ്കിലും... സൈനബ് മദീനയിലേക്ക് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു..

വീട്ടിലെത്തിയ ശേഷം തന്റെ രണ്ടു മക്കളെയും കൂട്ടി യാത്ര പുറപ്പെടും മുമ്പ് വീണ്ടും അവള്‍ അവനെ വിളിച്ചു..
"എന്നെ തനിച്ചു വിടുകയാണോ?"
"ഞാനല്ല.. നീയാണല്ലോ എന്നെ തനിച്ചാക്കി പോകുന്നത്.."
"ഇനിയും നിനക്ക് ബോധ്യമായില്ലേ.. ഇനിയെങ്കിലും സത്യത്തിലേക്ക്, ഇസ്ലാമിലേക്ക് വന്നുകൂടെ?"

ഇക്കുറിയും പരാജയമായിരുന്നു ഫലം.. സൈനബ് നടന്നു.. അവസാനകണ്ണീര്‍ത്തുള്ളിയും അവിടെ ഉപേക്ഷിച്ച് അങ്ങ് ദൂരേക്ക്.. ഇസ്ലാം വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ നാട്ടിലേക്ക്.. വാതില്‍ക്കല്‍ നിന്ന് കൊണ്ട് ദുഃഖഭാരത്താല്‍ വിങ്ങിപൊട്ടി നില്‍ക്കുന്ന അബുല്‍ ആസ് സൈനബ് മക്കയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം അവളെ നോക്കി നിന്നിരിക്കണം.. അവള്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. താന്‍ കൂടെ പോകുമെന്ന് അവള്‍ അപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ..? ഒടുവില്‍ കണ്ണില്‍ നിന്നും അവള്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ അയാള്‍ വീട്ടിനകത്തേക്ക് കയറിപ്പോയി.. ആ വീട്ടില്‍ ഇനി സൈനബില്ല, സൈനബിന്റെ പ്രണയവും..

"പിരിയുന്നു രേണുകേ..... നാം രണ്ടു പുഴകളായ്‌........ ഒഴുകിയകലുന്നു നാം പണയശ്യൂന്യം.........."


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template