Headlines News :
Home » , , , » മുദ്ദുകള്‍ വീട്ടിയോ?

മുദ്ദുകള്‍ വീട്ടിയോ?

Written By Unknown on Wednesday, 10 June 2015 | 16:17:00

Print Friendly and PDF

നോമ്പുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടതും പലരും അവഗണിക്കുന്നതുമായ സംഗതിയാണ് മുദ്ദുകളുടെ കാര്യം.നോമ്പനുഷ്ഠിച്ചാല്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന വൃദ്ധന്‍മാരും ശമനം പ്രതീക്ഷയില്ലാത്ത രോഗികളും നമുക്കിടയില്‍ എത്രയെങ്കിലുമുണ്ട്. അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല എന്നത് ശരി. പക്ഷേ, അവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മില്ലി ലി) വീതം മുഖ്യ ഭക്ഷ്യ വസ്തു (ഉദാ: അരി) നിര്‍ബന്ധദാനം ചെയ്യണം. ബന്ധുക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. മരിച്ചതിന് ശേഷം കുറേ ദാനം ചെയ്തത് കൊണ്ട് ഈ കടം വീടില്ല. നോമ്പെടുക്കുന്നത് കാരണം മുലയൂട്ടുന്നവരോ ഗര്‍ഭിണികളോ സ്വശരീരത്തിനോ ശിശുവിനോ വല്ല പ്രയാസവും ഭയപ്പെട്ടാല്‍ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്. എന്നാല്‍ കുട്ടികളുടെ കാര്യം ഭയന്ന് നോമ്പുപേക്ഷിച്ച സ്ത്രീകള്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ മുദ്ദ് പ്രായശ്ചിത്തം നല്‍കണം. ഈ രണ്ട് വിഭാഗവും ആര്‍ത്തവം, പ്രസവരക്തം എന്നിവ കൊണ്ട് വ്രതമുപേക്ഷിച്ചവരും പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്. വെറുതെ ഉപേക്ഷിച്ചവര്‍ ഏതായാലും വീട്ടണം. 

ഒരു കാരണവുമില്ലാതെ തൊട്ടടുത്ത റമസാനിന് മുമ്പ് ഖളാഅ് വീട്ടിയില്ലെങ്കില്‍, നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്. ഖളാഅ് വീട്ടാതെ വര്‍ഷങ്ങള്‍ പിന്നിടുന്നതിനനുസരിച്ച് ഒരു വര്‍ഷത്തിന് ഒരു മുദ്ദ് എന്ന തോതില്‍ മുദ്ദുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. 

ഒരാള്‍ കാരണം കൂടാതെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഫര്‍ള് നോമ്പ് നഷ്ടപ്പെടുത്തി.അവസരമുണ്ടായിട്ടും ഒന്നും ഖളാഅ് വീട്ടിയില്ല. ആറാമത്തെ വര്‍ഷത്തേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന്റെ മേല്‍ നിര്‍ബന്ധമാകുന്ന ആകെ മുദ്ദുകളുടെ കണക്ക് ശ്രദ്ധിക്കുക.(റമളാനില്‍ മുപ്പത് നോമ്പ് ലഭിച്ചു എന്ന നിഗമനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.) 

ഒന്നാം വര്‍ഷത്തെ നോമ്പിന് 150. (5 x30=150), രണ്ടാം വര്‍ഷത്തെതിന് 120.( 4 x30=120), മൂന്നാം വര്‍ഷത്തെതിന് 90 (3 x 30=90), നാലാം വര്‍ഷത്തെതിന് = 60 (2 x 30=60) , അഞ്ചാം വര്‍ഷത്തെതിന് = 30 1 x 30=30. മൊത്തം 450 മുദ്ദ്. ഒരു മുദ്ദ് 800 മി. ലി. ആണ് അപ്പോള്‍ അദ്ദേഹം 360 ലി.(800 മി. ലിഃ 450) നല്‍കണം. ഏകദേശം 310 കിലോ. ഭക്ഷ്യ വസ്തുവിന്റെ ഭാരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കത്തില്‍ വ്യത്യാസമനുഭവപ്പെടാം. ഇന്ന് മുദ്ദ് പാത്രങ്ങള്‍ ലഭ്യമാണല്ലോ അത് ആശ്രയിക്കുന്നതാണ് കരണീയം. തുടര്‍ച്ചയായി റമസാനിലോ തൊട്ടടുത്ത മാസങ്ങളിലോ പ്രസവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് കുറേ വര്‍ഷത്തെ നോമ്പ് നഷ്ട്ടപ്പെടാനിടയുണ്ട്. എണ്ണം ധാരാളമായി വര്‍ധിക്കുമ്പോള്‍ പ്രസവിച്ച കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴും അവന് വേണ്ടി നഷ്ടപ്പെട്ട നോമ്പ് വീടാതെ കിടക്കും. മുദ്ദിന്റെ കാര്യം സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പുരുഷന്മാര്‍ അന്വേഷിക്കാറുമില്ല. ഈ പ്രവണത മാറണം.

- ഫൈസല്‍ അഹ്‌സനി രണ്ടത്താണി (Sirajlive.com)

Related Questions
................................................................................................

ഒരു മുദ്ദ് എന്നാല്‍ എത്ര ഗ്രാം?

ചോദ്യ കര്‍ത്താവ് Shanidh

ചോദ്യം: ഒരു മുദ്ദ് എന്നാല്‍ എത്ര കിലോഗ്രാം ആണ്
മറുപടി നല്‍കിയത് അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ്
മറുപടി
Replied On: August 16, 2012 3:22 am

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മുദ്ദ്, സ്വാഅ് എന്നിവയൊക്കെ അളവുകളാണ്, തൂക്കങ്ങളല്ല. അത് കൊണ്ട് തന്നെ ഒരു മുദ്ദ് എന്നത് കൃത്യമായി എത്ര കിലോഗ്രാം ആണെന്ന് പറയുക സാധ്യമല്ല. പണ്ട് കാലത്ത് അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം അളവുപാത്രമാണ് അത്. അതില്‍ കൊള്ളാവുന്ന അളവ് അരി എടുത്ത് തൂക്കി നോക്കിയാല്‍ അരിയുടെ ഭാരത്തിനനുസരിച്ച് വ്യത്യാസം വരുന്നതായി കാണാം. ഭാരമുള്ള അരി ആണെങ്കില്‍ (പാലക്കാടന്‍ മട്ടപോലെ) ഒരു മുദ്ദ് ചിലപ്പോള്‍ മുക്കാല്‍ കിലോയോളം വന്നേക്കാം. എന്നാല്‍ ഭാരമില്ലാത്ത അരിയാണെങ്കില്‍ അറുനൂറ്റമ്പത് ഗ്രാം തികയണമെന്നുമില്ല. അഥവാ, ഒരു മുദ്ദ് എത്ര കിലോയാണെന്നത് അരിയുടെ തൂക്കത്തിനെ ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. കാരണം ഒന്ന് വ്യാപ്തവും മറ്റൊന്ന് തൂക്കവുമാണെന്നത് തന്നെ. സാധാരണഗതിയില്‍ ഇത് 600 ഗ്രാം മുതല്‍ 750 ഗ്രാം വരെ വ്യത്യാസപ്പെടാറുണ്ട്.

നാല് മുദ്ദാണ് ഒരു സ്വാഅ്. അത് കൊണ്ട് തന്നെ, ഒരു സ്വാഅ് എന്നത് 2.600 മുതല്‍ 3 കിലോ വരെ ആവാറുണ്ട്.  സൂക്ഷ്മത പാലിച്ച് ഫിത്റ് സകാതില്‍ മൂന്നുകിലോ വരെ ചിലര്‍ നല്‍കുന്നതും അതുകൊണ്ട് തന്നെ. മുദ്ദ് നബി എന്ന പേരില്‍ ഈ അളവ് പാത്രം ഇന്നും ലഭ്യമാണ്. കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കില്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന അരി അതില്‍ അളന്ന് തൂക്കി നോക്കി കണ്ടെത്തുക തന്നെ വേണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

.......................................................................................................
ഫഖീറും മിസ്കീനും ഇല്ലെങ്കില്‍ മുദ്ദ് ആര്‍ക്ക് കൊടുക്കും?
ചോദ്യ കര്‍ത്താവ് Muhammed fadil
ചോദ്യം: നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് കൊടുക്കേണ്ടത് ഫഖീറിനും മിസ്കീനുമാണല്ലോ. ആ രണ്ട് വിഭാഗമില്ലെങ്കില്‍ എന്ത് ചെയ്യും?
മറുപടി നല്‍കിയത് അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ്
മറുപടി
Replied On: August 17, 2012 4:30 am

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. എന്നാല്‍ ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് സമാനമായ മറ്റുസന്ദര്‍ഭങ്ങളിലെ ഫിഖ്ഹീ ചര്‍ച്ചകളില്‍നിന്ന് മനസ്സിലാവുന്നത്. അതേസമയം, ദൈനംദിന ജീവിതചെലവുകള്‍ ലഭ്യമാണെങ്കിലും അനുയോജ്യമായ വീടും വസ്ത്രവും ലഭ്യമല്ലാത്തവരുമൊക്കെ മിസ്കീന്‍ എന്ന പരിധിയില്‍ ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടിയിരിക്കുന്നു.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
......................................................................................................

"മുദ്ദ് നൽകേണ്ടത് ഫഖീറുകൾക്കും മിസ്കീന്മാർക്കുമാണ്. സകാത് വാങ്ങാൻ അർഹതയുള്ള മറ്റ് 6 വിഭാഗങ്ങൾക്കിതിന് അവകാശമില്ല. മുദ്ദ് മുഴുവനും ഒരാൾക്ക് തന്നെ നൽകുന്നതിലും തെറ്റില്ല."

Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template