Headlines News :

പെരുന്നാൾ ഓർമകൾ

Written By Afsal Mohmed on Monday, 4 July 2016 | 15:28:00

Print Friendly and PDF

ബയക കാച്ചിയതും, കേങ്ങു കാച്ചിയതും, പൈസ പത്തലും......
കായി കാച്ചിയതില്ലാതെ നമുക്കെന്തു പെരുന്നാൾ!


പവിത്രവും പുണ്യവുമാക്കപ്പെട്ട പരിശുദ്ധ റമസാൻ മാസം നമ്മോടു വിട പറയുന്നു. ആരാധന, പ്രാർത്ഥനാ നിരതമായ ദിന രാത്രങ്ങളാണ് ഒരു മാസക്കാലമായി ഓരോ വിശ്വാസിയും ധന്യമാക്കിയത്. വിശ്വാസികൾക് റബ്ബിന്റെ സമ്മാനമാണ് ഈദുൽ ഫിത്തർ. നോമ്പിന്റെ തുടക്കത്തിൽ തന്നെ പെരുന്നാൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നു. പുത്തൻ വസ്ത്രങ്ങളും, ചെരുപ്പുകളും എല്ലാം വാങ്ങിയും ഒക്കെ പെരുന്നാൾ ദിനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. അവസാനത്തെ പത്തിലേക്ക് കടന്നാൽ മിക്ക വീടുകളുടെ പരിസരത്തും പലഹാരം വറുക്കുമ്പോളുള്ള എണ്ണയുടെ കൊതിയൂറും മണമാണ്. വീട്ടിലെ സ്ത്രീകൾ പാചക തിരക്കുകളിലാണ്. പെരുന്നാളിനുള്ള ഉണക്ക പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാൻ. നമ്മുടെ നാട്ടിൽ മുൻ കാലങ്ങളിൽ കണ്ടു വന്നിരുന്ന പ്രധാന ഉണക്ക അപ്പങ്ങളുണ്ട്. ഇപ്പോൾ പുതിയ പുതിയ പേരിലും രുചിയിലും കുറെ അപ്പങ്ങൾ മഹതികൾ പാചകം ചെയ്യുന്നു. അവയിൽ ചിലതു മറ്റു നാടുകളിൽ നിന്നും പകർത്തിയതും ചിലവ അവർ തന്നെ ഗവേഷണം നടത്തി കണ്ടു പിടിച്ചതും. എന്റെയൊക്കെ കുട്ടിക്കാലത്തു കൂടുതലും ഉണ്ടായിരുന്നത് ബാട്ട് പത്തൽ, പൊരി അപ്പം, അരീരം, നെയ്യട, പൈസ പത്തൽ, അച്ചപ്പം, ഈത്തപ്പഴം കാച്ചിയത്, കടല കാച്ചിയത് അങ്ങനെ പോവുന്നു വിഭവ നിരകൾ. എന്നാലും കുട്ടികളായ ഞങ്ങൾ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് ചെറിയ വൃത്തത്തിലുള്ള പൈസ പത്തലും അരീരവും തന്നെയായിരുന്നു. ഇന്നത്തെ വിഭവങ്ങളിൽ പൈസ പത്തൽ, അരീരം ഇപ്പോൾ അങ്ങനെ കാണാറില്ല. പകരം ചുക്കപ്പം സ്ഥാനം പിടിച്ചു. പിന്നെ കുഴലപ്പം, ചൊറോട്ട്, കൊട്ട അപ്പം, കെയ്ക്ക്, നെയ് കെയ്ക്ക് തുടങ്ങി ഒരുപാട് പുതിയ വിഭവങ്ങൾ സ്ഥാനം പിടിച്ചു.

പെരുന്നാൾ തലേന്ന് രാത്രിയിലും പ്രഭാതത്തിലുമാണ് ഫ്രഷ് പൊരികളുടെ പാചക മേള. ബയക കാച്ചിയത്, കേങ്ങു കാച്ചിയത്, നെയ് പത്തൽ, നെയ്യപ്പം, മുട്ട സർക്ക, ..... തുടങ്ങി അങ്ങനെ പോവുന്നു ഫ്രഷ് നിരകൾ. പെരുന്നാളിന് രണ്ടു ദിവസം മുമ്പേ നേന്ത്രം കായി (ഏത്തക്ക) വാങ്ങി കരുതി വെച്ചിരിക്കും. നമ്മുടെ കാസറഗോഡ് പ്രദേശത്തു പെരുന്നാൾ പലഹാരത്തിൽ മുഖ്യമായതും ഒഴിച്ചു കൂട്ടാൻ പറ്റാത്തതും പഴം പൊരി തന്നെ. ഇപ്പോൾ നമ്മൾ പഴം പൊരി എന്നു വാക്കു പ്രയോഗം നടത്തുന്നുണ്ടെങ്കിലും ഗൃഹാതുരത്വം ഉണർത്തുന്ന രുചി ഓർമകളും ബാല്യ കാല പെരുന്നാൾ ഓർമകൾ ഒക്കെ അയവിറക്കാൻ "ബയക്കാച്ചി" അല്ലെങ്കിൽ "കായി കാച്ചി" എന്നു തന്നെ പറയണം. നാം ഒരിക്കലും ഏത്തക്ക എന്ന്‌ പറയാറില്ല. കുട്ടി കാലം മുതലേ പഠിച്ചതും, പറഞ്ഞതും, ശീലിച്ചതും എല്ലാം "നേന്ത്രം കായി " അല്ലെങ്കിൽ വലിയ കായി എന്ന്‌ തന്നെ.



കായികാച്ചി ഇല്ലെങ്കിൽ നമുക്ക് പെരുന്നാൾ ഇല്ല എന്ന അവസ്ഥ തന്നെയാണ് അന്നും ഇന്നും. മുമ്പ് നമ്മുടെ ഉമ്മമാർ അരി അരിച്ചു മാവുണ്ടാക്കിയായിരുന്നു കായി കാച്ചിയിരുന്നത്. പിന്നീട് മൈദ മാവിലേക്കു മാറിയതോടെ രുചി മാറി പാചകം എളുപ്പമായി.

പെരുന്നാളിന് അന്ന് കുട്ടികളായ ഞങ്ങൾ കൂട്ടുകാരുമായി സംസാരിച്ചിരുന്നത് വീട്ടിലുണ്ടാക്കിയ പലഹാര വിഭവങ്ങളുടെ പേരും എണ്ണവും പറഞ്ഞായിരുന്നു. വസ്ത്രങ്ങളുടെ വില നിലവാരം അന്ന് ചർച്ചിച്ചിരുന്നില്ല. അന്ന് നാട്ടിൽ നിന്നും വസ്ത്രങ്ങൾ അങ്ങനെ വാങ്ങാറില്ലായിരുന്നു. കൂടുതലും ഉപ്പ ഗൾഫിൽ നിന്നും കൊണ്ടു വന്നതോ കൊടുത്തു വിട്ടതോ ആയിരിക്കും. 
എന്നാലും ഇന്നത്തെ പോലെ അന്നും പെരുന്നാൾ പൈസ കിട്ടിയ കണക്കുകൾ പറഞ്ഞു കൂടുതൽ കിട്ടിയവർ ഹീറോ ആയിരുന്നു. ഒരു വ്യതാസം ഇന്നത്തെ പോലെ വലിയ നോട്ടുകളല്ല ലഭിച്ചിരുന്നത്.

കൂടുതലും നാണയ തുട്ടുകളാണ്. കണക്കുകൾ "അണയിൽ" ആയിരുന്നു.
ഏവർക്കും മുൻകൂറായി നന്മ നിറഞ്ഞ ഈദുൽ ഫിത്തർ ആശംസകൾ

Posted By: 


Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template