Headlines News :
Home » , , , , » അധ്യാപനത്തിൽ അര നൂറ്റാണ്ടിന്റെ തിളക്കം -കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ

അധ്യാപനത്തിൽ അര നൂറ്റാണ്ടിന്റെ തിളക്കം -കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ

Written By Social Indians on Tuesday, 21 March 2017 | 17:18:00

Print Friendly and PDF
അക്ഷര ചെപ്പു തുറന്നു
അറിവിന്റെ വാതായനങ്ങൾ
തുറന്നു
മൂന്നു തലമുറയെ 
നേരിന്റെ വഴിയിലേക്ക്
നയിച്ച വന്ദ്യ
ഗുരുനാഥൻ.

1948 ഓഗസ്റ്റ് 4 ന് ചെമനാട് കോളിയാട് ബപ്പൻ കുട്ടി ആസ്യുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠനം പരവനടുക്കം സ്കൂളിൽ. (GHS ചെമനാട്). കാസറഗോഡ് ഗവൺമെൻറ് കോളേജിൽ നിന്നും പ്രീ ഡിഗ്രിയും, ഡിഗ്രിയും പൂർത്തിയാക്കി. പിന്നീട് കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ബി എഡ് പൂർത്തിയാക്കി തന്റെ ജീവിതം അധ്യാപനത്തിനായി സമൂഹത്തിന് വേണ്ടി സമർപ്പിച്ചു. കുട്ടി കാലത്തു തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടും, വിദ്യാലയത്തോടും മുഖം തിരിച്ചിരുന്നു കാലഘട്ടത്തിലാണ് മുഹമ്മദ് കുഞ്ഞി മാഷ് ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയത്.


1970 ലാണ് അദ്ദേഹം അധ്യാപക ജോലിയിൽ പ്രവേശിക്കുന്നത്. 

ആദ്യ നിയമനം GHS കുഞ്ചത്തൂർ. അത് താത്കാലിക നിയമനമായിരുന്നു. PSC വഴി സ്ഥിരം നിയമനം ലഭിച്ചത് GHS ചന്ദ്രഗിരിയിൽ. പത്തു വർഷത്തിൽ അധികം ചന്ദ്രഗിരിയിൽ ജോലി ചെയ്തു. 1983 ൽ ചെമനാട് ജമാ-അത്തിന്റെ കീഴിൽ ഹൈ സ്കൂൾ ആരംഭിച്ചപ്പോൾ സ്കൂൾ മാനേജ്മെന്റിന്റെ അഭ്യർത്ഥന മാനിച്ചു സ്ഥലം മാറ്റം വാങ്ങി ജമാ-അത് സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു.

 

ചന്ദ്രഗിരി സ്കൂളിൽ നിന്നും മുഹമ്മദ് കുഞ്ഞി മാഷ് മാറി പോവുന്നതിൽ പ്രതിശേധിച്ച് അന്നത്തെ വിദ്യാർത്ഥികൾ കുറെ ദിവസം സ്കൂളിൽ പഠിപ്പു മുടക്കി സമരം ചെയ്തിരുന്നു. മാഷിന്റെ അധ്യാപന ശൈലിയും, വിദ്യാർത്ഥികളോട് വാത്സല്യത്തോടെയുള്ള പെരുമാറ്റം ഒക്കെ തന്നെയാണ് വിദ്യാർത്ഥികൾക്കിടയിൽ അദ്ദേഹം ഏറ്റവും സ്വീകാര്യനായത്. പഠന വിഷയങ്ങൾ കൂടാതെ വിദ്യാർത്ഥികളുടെ മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1987 ൽ സർക്കാർ നിർദേശ പ്രകാരം മുഹമ്മദ് കുഞ്ഞി മാഷ് വീണ്ടും ചന്ദ്രഗിരി സ്കൂളിൽ അധ്യാപകനായി തിരിച്ചു വന്നു. പ്രധാനമായും അദ്ദേഹം പഠിപ്പിച്ചിരുന്നത് ഇംഗ്ലീഷ് ആണെങ്കിലും ചന്ദ്രഗിരിയിൽ അദ്ദേഹം സാമൂഹ്യ പാഠവും പഠിപ്പിച്ചിരുന്നു. 

1987 ൽ ചന്ദ്രഗിരി സ്കൂളിലേക്ക് തിരിച്ചു പോയപ്പോൾ ചെമനാട് ജമാ-അത് സ്കൂളിൽ പുതുതായി ഒരു ഹെഡ്മിസ്ട്രസ് ചുമതലയേറ്റു. ആ വർഷം ജമാ-അത് സ്കൂളിൽ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത വിദ്യാർത്ഥി സമരവും, വിദ്യാർത്ഥി സംഘട്ടനങ്ങൾ ഒക്കെ കാരണം കുറെ ദിവസം പഠനം മുടങ്ങുകയും കാരണക്കാരായ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. സ്‌കൂളിന്റെ പിറവി മുതൽ അതുവരെ നിലനിർത്തിയിരുന്ന ഉന്നത പഠന നിലവാരവും വിദ്യാർഥികളിലെ അച്ചടക്കം എല്ലാം താഴോട്ടു കൂപ്പു കുത്തിയ അധ്യയന വർഷമായിരുന്നു അത്. 1988 ൽ ജമാ-അത് സ്‌കൂൾ മാനേജ്‌മന്റ് മുഹമ്മദ് കുഞ്ഞി മാഷിനോട് ഹെഡ് മാസ്റ്റർ ആയി വീണ്ടും ചുമതല ഏൽക്കാൻ നിരന്തരമായുള്ള അഭ്യർത്ഥന മാനിച്ചു അദ്ദേഹം വീണ്ടും ജമാ-അത് സ്‌കൂളിലേക്ക് തന്നെ തിരിച്ചു പോയി. അപ്പോഴും മാഷിൻറെ സ്ഥലത്തെ മാറ്റത്തിൽ പ്രതിഷേധിച്ചു ചന്ദ്രഗിരി സ്‌കൂളിൽ വിദ്യാർത്ഥികൾ പഠിപ്പു മുടക്കിയിരുന്നു. പക്ഷെ, ആദ്യത്തെ പ്രാവശ്യം നടന്നത് പോലുള്ള ശക്തമായ സമരങ്ങൾ അല്ലായിരുന്നു. മുഹമ്മദ് കുഞ്ഞി മാഷ് വീണ്ടും ജമാ-അത് സ്‌കൂളിലേക്ക് തിരിച്ചു പോയതിനു ശേഷം നഷ്ടപ്പെട്ട പ്രതാപം സ്‌കൂളിന് വീണ്ടെടുക്കാൻ സാധിച്ചു എന്ന് മാത്രമല്ല അച്ചടക്കത്തിലും പഠനത്തിലും സ്‌കൂൾ സംസ്ഥാനത്തു തന്നെ എണ്ണപ്പെട്ട സ്‌കൂളിൽ ഒന്നായി മാറ്റിയെടുത്തു. 
പിന്നീട് ജമാ- അത് സ്‌കൂൾ ഹയർ സെക്കന്ററി ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രിൻസിപ്പാളിന്റെ ചുമതലയും മുഹമ്മദ് കുഞ്ഞി മാഷിന് തന്നെയായിരുന്നു. ഹൈസ്കുൾ ഹെഡ്മാസ്റ്ററായും, പ്രിൻസിപ്പലായും 22 കൊല്ലത്തെ സ്തുത്യർഹമായ സേവനം.

2004 ൽ മുഹമ്മദ് കുഞ്ഞി മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തു. അതെ വർഷം തന്നെ പള്ളിക്കര ഇസ്ലാമിക് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാലായി ചുമതലയേറ്റു. ഇപ്പോഴും അവിടെ തന്നെ തുടരുന്നു. 

ആത്മാർത്ഥ, അർപ്പണ ബോധം, കൃത്യനിഷ്ഠത ഇതൊക്കെ തന്നെയാണ് മുഹമ്മദ് മാഷിനെ മറ്റു അധ്യാപകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വിദ്യാർഥികളിലെ പഠന മികവിനോടൊപ്പം, അവരെ അച്ചടക്കമുള്ള സമൂഹമാക്കി മാറ്റി എടുക്കാൻ സാധിക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേക കഴിവ്. 

സർവീസിൽ നിന്നും വിരമിക്കുമ്പോൾ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി, സഹപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, പൗരാവലി എന്നിവർ ചേർന്ന് നൽകിയ പ്രൗഢ ഗംഭീരമായ യാത്രയയപ്പ് മാഷിന്റെ ഔദ്യോഗിക ജീവിതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. മൂന്നു തലമുറയിൽ പെട്ട തന്റെ ശിഷ്യഗണങ്ങളുടെ ബഹുമാനവും സ്നേഹവായ്പ്പും കൊണ്ട് അദ്ദേഹം വീർപ്പു മുട്ടിയിരുന്നു. അത്രയ്ക്കും വർണാഭമായിരുന്നു ആ ചടങ്ങ്.

1997 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുഹമ്മദ് കുഞ്ഞി മാഷിന് ലഭിച്ചു. അദ്ദേഹത്തിന്റെ സേവനത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരം. 2001 ൽ പ്രൈവറ്റ് ഹയർസെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ അവാർഡും മാഷിന് ലഭിച്ചു. 
മറ്റു ചില വ്യക്തികളും സംഘടനകളും അവാർഡും, അംഗീകാരങ്ങളും നൽകി മാഷിനെ ആദരിച്ചിരുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. പീ. ജെ. ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി. ലിസ ജേക്കബ്, മറ്റു മന്ത്രിമാർ, ജന പ്രതിനിധികൾ തുടങ്ങി ഉന്നത വ്യക്തികളുടെ സാന്നിധ്യത്തിലാണ് മുഹമ്മദ് കുഞ്ഞി മാഷ് അവാർഡ് സ്വീകരിച്ചത്.

ചെമനാട് ജമാ-അത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് ഇപ്പോൾ മുഹമ്മദ് കുഞ്ഞി മാഷ്. വിവാഹം 1974 ൽ, ഭാര്യ ആസ്യമ്മ. മക്കൾ ഒരു മകനും മൂന്ന് പെൺമക്കളും. ഫാത്തിമത്ത് റസ് ലി (ടീച്ചർ), മറിയം ബസ് രിയ (Bsc. Nurse), ആസിയ റോഷിന (BTech.), റംഷാദ് അബ്ദുല്ല (എംകോം). കുടുംബ ജീവിതം അല്ലാഹുവിന്റെ അനുഗ്രഹത്താൽ സന്തോഷത്തിൽ കഴിയുന്നു. പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കണമെന്ന ആഗ്രഹം മാഷിൻറെ മനസ്സിൽ ബാക്കിയുണ്ട്. ആയുർ ആരോഗ്യത്തോട് കൂടി ഹജ്ജ് കർമം നിർവഹിക്കാനും മാഷിൻറെ ആരോഗ്യത്തിനും ആഫിയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.

Posted By:
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template