Headlines News :
Home » , , » ഫഖീറുകൾ പട്ടിണി കിടക്കരുത്

ഫഖീറുകൾ പട്ടിണി കിടക്കരുത്

Written By Social Indians on Tuesday, 21 March 2017 | 17:27:00

Print Friendly and PDF

ദിനേന മേൽപറമ്പ് പള്ളിയിൽ എത്തി ചേരുന്ന മുസാഫിറുകളായ ഫകീറുകളെ ആരെങ്കിലും അവരുടെ വീട്ടിൽ കൊണ്ട് പോയി ഭക്ഷണം നൽകി സല്കരിക്കാറുണ്ട്. ചില ദിവസങ്ങളിൽ ആരുടേയും ക്ഷണം ലഭിച്ചില്ലെങ്കിൽ അവർ പള്ളിയുടെ തൊട്ടടുത്തുള്ള ഹിൽ ടോപ്പ് ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിക്കും. പക്ഷെ, ഹോട്ടൽ അധികൃതർ മുസാഫിറുകളിൽ നിന്നും പണം വാങ്ങാറില്ല. കാരണം ഫകീറുകളായ മുസാഫിറുകൾക്ക് സൗജന്യമായി ഭക്ഷണം നൽകാൻ എല്ലാ മാസവും ആദ്യത്തിൽ തന്നെ ഒരു നിശ്ചിത തുക രഹസ്യമായി ഹോട്ടലിൽ ഏൽപിച്ചിരുന്ന ഒരു മഹാ മനീഷി മേൽപറമ്പിൽ ജീവിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി തുടർന്നിരുന്ന കാരുണ്യ സ്പർഷം. തന്റെ നാട്ടിൽ എത്തി ചേരുന്ന ഒരു മുസാഫിറും ഒരിക്കലും പട്ടിണി കിടക്കരുതെന്ന് അദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. 1987 മുതൽ തുടങ്ങിയതായിരുന്നു അദേഹം ആ പതിവ്. ഹിൽ ടോപ്പ് ഹോട്ടൽ തുടങ്ങുന്നതിനു മുമ്പ് അവരുടെ പഴയ കടയിലായിരുന്നു അദേഹം ഈ ഇടപാട് നടത്തിയിരുന്നത്. വർഷങ്ങളായി അനാരോഗ്യം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നുവെങ്കിലും ഒരു വർഷം മുമ്പ് വരെ വന്നു അദേഹം ഹോട്ടലിൽ പണം ഏൽപിച്ചിരുന്നു. അതാണ്‌ മേൽപറമ്പിന്റെ കാരുണ്യത്തിന്റെ, വിജ്ഞാനത്തിന്റെ, സമാധാനത്തിന്റെ പ്രകാശ ഗോപുരം.

2016 ഫെബ്രുവരി 9 ആം തീയ്യതി നാട്ടിൽ പ്രകാശം ചൊരിഞ്ഞ ആ വിളക്ക് അണഞ്ഞു.നമ്മെ വിട്ടു പിരിഞ്ഞ മേൽപറമ്പ് ഖത്തീബ് ബഹുമാനപ്പെട്ട എം. എ. അബ്ദുൽ ഖാദർ മുസ്ലിയാർ. അദേഹമായിരുന്നു ഈ നാടിന്റെ ഐശ്വര്യവും, നന്മയും. അദേഹത്തിന്റെ സാനിദ്ധ്യം നാട്ടിൽ ഐക്യവും സാഹോദര്യവും, മൈത്രിയും കൊണ്ടാടി. ആരെയും, വിമർശിക്കാതെ, ആരാലും വിമർശിക്കപ്പെടാതെ, വേദനിപ്പിക്കാതെ, മറുത്തൊരു വാക്ക് പോലും ഉരിയാതെ, ആരോടും മുഖം കറുപ്പിക്കാതെ പണ്ഡിത സമൂഹത്തിന് തന്നെ മാതൃകയാർന്ന ജീവിതം സമൂഹത്തിന് മുമ്പിൽ കാണിച്ചു കൊണ്ട് നാനാ ജാതി മതസ്ഥരുടെ ആദരം ഏറ്റു വാങ്ങി കൊണ്ട് നാഥന്റെ വിളിക്ക് ഉത്തരം നൽകി അദേഹം യാത്രയായി.

ഖത്തീബ് എം. എ. അബ്ദുൽ ഖാദർ മുസ്ലിയാർ 1921 ല്‍ ചിത്താരിയില്‍ ജനിച്ചു. മേൽപറമ്പ് കടവത്ത് മാളിക അഹ്മദ് ഹാജിയുടെ കടവത്ത് പള്ളി ദര്‍സില്‍ മുഹമ്മദ്‌ മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. അദേഹത്തിന്റെ 17 ആമത്തെ വയസ്സില്‍ കടവത്ത് പള്ളിയില്‍ ഇമാമായി കൊണ്ടാണ് തുടക്കം. ഇന്നത്തെ മേൽപറമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം AD 1941 ൽ (ഹിജ്റ 1363, റജബ് 5 വെള്ളിയാഴ്ച) മേൽപറമ്പ് ജുമാ മസ്ജിദില്‍ ഖതീബ് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി മർഹൂം സീ. മുഹമ്മദ്‌ മുസ്ലിയാര്‍ അധികാരപ്പെടുത്തി. അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമതും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത്‌ പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിൽകാലത്ത് മേൽപറമ്പ് ജമാഅത് കീഴൂരിൽ നിന്നും വിഭജിച്ചു സ്വതന്ത്രമായി പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി.

മേൽപറമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി അദേഹം 60 വര്‍ഷത്തോളം നില നിര്‍ത്തി. 1999 ല്‍ അനാരോഗ്യം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂഡ നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂഡ നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ്‌ ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം മത പ്രഭാഷണം നടത്താറുണ്ട്‌. അതിൽ 30 ദിവസം മേൽപറമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്ത് ഇടുവുങ്കാല്‍ മുതല്‍ അണിഞ്ഞ വരെയുള്ളവര്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മേൽപറമ്പിൽ സംബന്ധിക്കാറാണ് പതിവ്. 

മേൽപറമ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്ന കല്ലട്ര അബ്ദുൽ ഖാദർ ഹാജി 1983 ൽ മരണപ്പെട്ടപ്പോൾ ഖത്തീബ് അബ്ദുൽ ഖാദർ മുസ്ലിയാരെ കമ്മിറ്റി പ്രസിഡന്റായി ഐക്യ കണ്ടേന തിരഞ്ഞെടുത്തു. അന്ന് മുതൽ മരണം വരെ നീണ്ട 33 വർഷം ജമാഅത്ത് പ്രസിഡന്റ്‌ പദവിയിൽ ഖത്തീബ് ഉസ്താദ് പ്രവർത്തിച്ചു. അനാരോഗ്യം കാരണം വിശ്രമിക്കുംബോളും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ പദവി അദേഹം തന്നെ അലങ്കരിച്ചു. കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടി വർക്കിംഗ്‌ പ്രസിഡന്റ്‌ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. 

കര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനായിരുന്നു ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ്. 
വായന ലോകത്തെ അത്ഭുത പ്രതിഭയായിരുന്നു അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ടായിരുന്നു. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും അദേഹത്തിന് സുപരിചിതമായിരുന്നു. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ ലോകത്തിന്റെ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുമായിരുന്നു. ഗൾഫിൽ നിന്നും ഉസ്താദിനെ സ്നേഹിക്കുന്നവർ പുതിയ പുതിയ കിതാബുകൾ അദേഹത്തിന് എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. ജീവിത അവസാനം വരെ വിജ്ഞാനങ്ങൾ തേടി കൊണ്ടേയിരുന്നു.

കര്‍മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി വിവിധ പ്രദേശങ്ങളിൽ നിന്ന് പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ടായിരുന്നു.

വിനയം, ലാളിത്യം ഒക്കെയായിരുന്നു ഉസ്താദിന്റെ മുഖ മുദ്ര. എല്ലാവിധ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും വളരെ ലളിതമായി അദേഹം ജീവിച്ചു. ആഡംബര കാറുകൾ വീട്ടിൽ ഉണ്ടായിട്ടും കൂടുതലും യാത്ര ചെയ്തിരുന്നത് ഓട്ടോ റിക്ഷയിലായിരുന്നു. ആരെയും, വിമർശിക്കുകയോ, കുറ്റപ്പെടുത്തുകയോ അദേഹം ചെയ്യാറില്ല. ഒരു പ്രത്യക വിഭാഗത്തിന്റെ ആളായി നിൽക്കാതെ സുന്നത്ത് ജമാ അത്തിൽ അടിയുറച്ചു നിന്ന് എല്ലാവരെയും സ്നേഹിച്ചു. 

നാടിന്റെ ഐക്യവും, സമാധാനവുമാണ് അദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഈ വിനീതനായ ഞാൻ മുസ്ലിം വിദ്യാർഥി പ്രസ്ഥാനത്തിന്റെ ജില്ലാ തലത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സമസതയുടെ വിദ്യാർഥി സംഘടനയുടെ ഒരു യുണിറ്റ് മേൽപറമ്പിൽ രൂപീകരിക്കാൻ അവരുടെ അന്നത്തെ ജില്ലാ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടിരുന്നു. അത്പ്രകാരം നാട്ടിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്ന കാര്യം ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദിനോട് പറഞ്ഞപ്പോൾ അദേഹം എന്നോട് ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ഇവിടെ ഒരു കൂട്ടർ ഉണ്ടല്ലോ. ഇനി നമ്മളും പ്രവർത്തനങ്ങളുമായി വന്നാൽ പരസ്പരം തർകിക്കാനും അത്‌ വഴി നാട്ടിൽ ഫിത്ന രൂപപ്പെടാനും കാരണമാവും. അത്‌ കൊണ്ട് വേണ്ട മോനെ, നമുക്ക് ഇങ്ങനയൊക്കെ നിന്നാൽ പോരെ....? അതോടെ ഞാനെന്റെ ഉദ്യമം അവസാനിപ്പിച്ചിരുന്നു. 

നാടിന്റെ ചരിത്രങ്ങളും, മൺ മറഞ്ഞു പോയ മഹത് വ്യതികളെ കുറിച്ചുള്ള കാര്യങ്ങളൊക്കെ വാർദ്ധക്യത്തിന്റെ അസ്വസ്ഥതകളിലും
ഖത്തീബ് ഉസ്താദ് ഓർത്ത് വെക്കാറുണ്ടായിരുന്നു. അദേഹം മരിക്കുന്നതിന്റെ ഏകദേശം ഒരു വർഷം മുമ്പ് വരെ ചില കാര്യങ്ങൾ അറിയാൻ വേണ്ടി അദേഹത്തെ സമീപിച്ചിരുന്നു. മനസ്സിൽ നിന്നും ഓരോന്ന് ഓർത്തെടുത്ത് അദേഹം തന്നെ പറഞ്ഞു തുടങ്ങാറാണ് പതിവ്. വർഷവും തീയ്യതിയും വരെ അദേഹം നമുക്ക് പറഞ്ഞു തരും. എല്ലാം കണക്കു വെച്ചിരുന്നത് ഹിജ്ര വർഷ പ്രകാരമായിരുന്നു. മേൽപറമ്പ് ജുമാ മസ്ജിദിന്റെ പ്രാരംഭ ഘട്ടത്തിൽ സിലോൺ മമ്മിന്ചായും, സിലോൺ ആമുചായും സിലോണിൽ നിന്നും, അച്ചു മൊയിലാർച്ച ബോംബെ സന്ദർശിച്ചും, ഔകർചാന്റെ മരുമകൻ സിംഗപ്പൂരിൽ നിന്നും ധനം സമാഹരിച്ചതും സമാഹരിച്ച കൃത്യം രൂപ എത്ര എന്ന് വരെ അദേഹം ഓർത്ത് വെച്ചിട്ടുണ്ടായിരുന്നു. 

1999 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ ആയിരുന്ന അസ്ഹരി തങ്ങൾ കളനാട് മദ്രസ്സയുടെ ഉൽഘാടനത്തിന് വന്നപ്പോൾ ആ വേദിയിൽ ഖത്തീബ് ഉസ്താദ് പ്രസംഗിച്ചിരുന്നു. അന്ന് ഖത്തീബ് ഉസ്താദ് തന്റെ പ്രസംഗം തുടങ്ങിയത് അറബിയിലെ പഴയ ഏതോ പദ്യം ചൊല്ലിയായിരുന്നു. പ്രസംഗം സശ്രദ്ധം ശ്രവിച്ച അസ്ഹരി തങ്ങൾ ഖത്തീബ് ഉസ്താദിന്റെ പ്രസംഗം കഴിഞ്ഞ ഉടൻ മൈക്ക് എടുത്തു തിങ്ങി നിറഞ്ഞ സദസ്സിനോട് ഇങ്ങനെ പറഞ്ഞു. വളരെ പഴക്കമുള്ള വലിയ അർത്ഥമുള്ള ഈ പദ്യം ഇപ്പോഴും ഓർത്ത് വെച്ച് ഇത്ര ഭംഗിയായി അവതരിപ്പിച്ച ഇത്ര വലിയ മഹാൻ നിങ്ങളുടെ സമീപത്ത് തന്നെയുള്ളപ്പോൾ ദൂരെ ദിക്കിൽ നിന്നും ഞങ്ങളെയൊക്കെ കൊണ്ട് വന്നു പ്രസംഗിപ്പിക്കേണ്ട ആവശ്യമുണ്ടോ. അതായിരുന്നു ഖത്തീബ് ഉസ്താദിന്റെ പാണ്ഡിത്യവും പരന്ന വായനയും.


(ഖതീബ്ച്ച സ്മരണികയ്ക്ക്‌ വേണ്ടി തയ്യാർ ചെയ്തത്.) 

Posted By:
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template