Headlines News :
Home » , » കെ. വീ. മൊയ്തീൻ കുഞ്ഞി മുസ്ലിയാർ

കെ. വീ. മൊയ്തീൻ കുഞ്ഞി മുസ്ലിയാർ

Written By Afsal Mohmed on Monday, 20 March 2017 | 15:19:00

Print Friendly and PDF
വീണ്ടും ഒരു മാർച്ച് മാസം കടന്നു പോകുമ്പോൾ മേൽപറമ്പിലെ ഒരു പണ്ഡിത പ്രകാശം അണഞ്ഞിട്ടു 20 വർഷം പിന്നിടുന്നു.



പണ്ഡിത തറവാട്ടിൽ നിന്നും പിറന്ന മറ്റൊരു പണ്ഡിത പ്രമുഖൻ. 
പ്രമുഖ പണ്ഡിതൻ ആയിരുന്ന മേൽപറമ്പ് അഹമ്മദ് മുസ്ലിയാരുടെ മകൻ. അറിയപ്പെട്ട മറ്റൊരു പണ്ഡിത പ്രമുഖനായിരുന്ന കടവത്ത് കുഞ്ഞിപ്പ ഹാജി മുസ്ലിയാരുടെ മരുമകൻ (മകളുടെ ഭർത്താവ്). 


അധ്യാപന രംഗത്തും, മത പ്രഭാഷണ രംഗത്തും തിളങ്ങി നിന്ന് ഏവർക്കും പ്രയങ്കരനായിരുന്ന സമയത്താണ് ഏവരെയും ദുഃഖത്തിലാഴ്ത്തി കെ. വീ. മൊയ്തീൻ മുസ്‌ലിയാർ നമ്മോടു വിട പറഞ്ഞത്. 

മലബാറിലും, കർണാടകയിലും അറിയപ്പെട്ട പണ്ഡിതനും മംഗലാപുരത്ത് പ്രശസ്തമായ സീനത്ത് ബക്ഷ് ജുമാ മസ്ജിദ് ഇമാം ആയിരുന്ന മേൽപറമ്പ് അഹമ്മദ് മുസ്ലിയാരുടെയും (മംഗലാപുരം ആമു മൊയ്‌ലാർച്ച) ബീഫാത്തിമയുടെയും ഏഴു മക്കളിൽ ആറാമനായി 1944 ൽ ജനനം. 5 ആം ക്ലാസ്സ് വരെയുള്ള സ്കൂൾ പഠനത്തിന് ശേഷം നീലേശ്വരം ഭാഗത്തുള്ള കക്കടിപ്പുറം ഉസ്താദിന്റെ ദർസിൽ പഠിച്ചു. പിന്നീട് അതി പ്രശസ്ത ഇസ്ലാമിക കലാലയമായ വെല്ലൂർ ബാഖിയാത്തിൽ നിന്നും 1969 ൽ ബാഖവി ബിരുദം കരസ്ഥമാക്കി. 

പരവനടുക്കത്ത് പ്രവർത്തിക്കുന്ന ആലിയ അറബിക് കോളേജ് സുന്നി സിലബസ് പ്രകാരം പഠിപ്പിച്ചിരുന്ന കാലത്തു നമ്മെ വിട്ടു പിരിഞ്ഞ ചെമ്പരിക്ക ഖാസി സീ. എം. ഉസ്താദിന്റെ കൂടെ കെ.വീ. മൊയ്തീൻ മുസ്ലിയാരും ആലിയയിൽ അധ്യാപനം നടത്തിയിരുന്നു. 1971 ൽ മർഹൂം കല്ലട്ര അബ്ദുൽ കാദർ ഹാജിയുടെ സഹായത്തോടെ സീയെം ഉസ്താദ് സ-അദിയ അറബിക് കോളേജ് ആരംഭിക്കുമ്പോൾ മുദരിസായി കൂടെയുണ്ടായിരുന്നത് കെ. വീ മൊയ്‌ദീൻ മുസ്ലിയാരായിരുന്നു. ഒറവങ്കര മഠത്തിലെ കല്ലട്രയുടെ പഴയ വീട്ടിൽ സ അദിയ പിറവി കൊണ്ടത് മുതൽ ദേളിയിലെ വിശാലമായ പറമ്പിൽ സ അദിയ എന്ന സ്ഥാപനം പടർന്നു പന്തലിക്കുമ്പോൾ അതിന്റെ പിന്നണി പ്രവർത്തനങ്ങളിൽ കെവി മൊയ്‌ദീൻ മുസ്ലിയാരുടെ പ്രവർത്തനങ്ങളും ദർശിക്കാൻ സാധിക്കും. 

കോളേജിന്റെ പ്രാരംഭ ഘട്ടത്തിൽ മുദരിസായി സേവനം ചെയ്ത അദ്ദേഹം 1989 ൽ സഅദിയയുടെ അസിസ്റ്റന്റ് മാനേജർ ആയി ചുമതലയേറ്റു. തൻറെ ആത്മാർത്ഥതയ്ക്കും കഴിവിനുമുള്ള അംഗീകാരമായിരുന്നു പുതിയ ചുമതല. സ- അദിയയുടെ ശക്തിയും സ്ഥാപനം വളർച്ചയുടെ ഓരോ പടവുകളും താണ്ടുമ്പോൾ അതിന്റെ ചാലക ശക്തിയായി നിന്ന പണ്ഡിത ശ്രേഷ്ടനും ഈ അടുത്ത് നമ്മെ വിട്ടു പിരിഞ്ഞ ബഹുമാനപ്പെട്ട എം. എ ഉസ്താദിന്റെ അസിസ്റ്റന്റ് ആയിരുന്നു ആ പദവി. എം. എ ഉസ്താദിന്റെ വിശ്വസ്തനും പ്രിയങ്കരനായിരുന്നു അദ്ദേഹം. കെവി മൊയ്തീൻ മുസ്‌ലിയാർ അദ്ദേഹത്തിന്റെ മരണം വരെ ആ പദവിയിൽ തുടർന്നു. 

സഅദിയയിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം ദേളി ജുമാ മസ്ജിദ് ഖത്തീബായും സേവനം ചെയ്തിരുന്നു. 1993 വരെ ദേളി പള്ളിയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നത് മൊയ്തീൻ മുസ്ലിയാരായിരുന്നു. മത പ്രസംഗ വേദികളിൽ അദ്ദേഹം അക്കാലത്ത് വളരെ പ്രശസ്തനായിരുന്നു. വിവിധ നാടുകളിൽ പല വേദികളിലായി അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. 
മേൽപറമ്പ് ജുമാ മസ്ജിദിന്റെ മൂന്നാമത്തെ പള്ളി നിർമാണ വേളയിൽ ധന ശേഖരണാർത്ഥം ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദിന്റെ കൂടെ മൊയ്തീൻ മുസ്ലിയാരും യു. എ. ഇ സന്ദർശിച്ചിരുന്നു. 

ശാരീരികമായി ഏറെ രോഗങ്ങൾ സഹിച്ച അദ്ദേഹം 1997 മാർച്ച് 28 ന് ഈ ലോകത്തോട് വിട പറയുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 53. അധ്യാപനം കൊണ്ടും, മത പ്രഭാഷണങ്ങളാലും, മത സ്ഥാപനത്തിന്റെ അമരത്തിരുന്നു സമുദായത്തിന് ഏറെ സേവനം ചെയ്യവേ ജീവിതത്തിന്റെ മധ്യാഹ്നത്തിൽ ഈ ലോകത്തോട് വിട പറയുമ്പോൾ നഷ്ടമാവുന്നത് നാടിനും സമുദായത്തിനും മത വിജ്ഞാനത്തിന്റെ വിളക്കുകളാണ്. 

അദ്ദേഹത്തിന്റെ കുടുംബം, പ്രശസ്ത പണ്ഡിതനായിരുന്ന കടവത്ത് മുഹമ്മദ് മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി ഉസ്താദ്) മകൾ മറിയം ആണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ ഷരീഫ്, അഷ്‌റഫ്, ഷറഫ്, ജുനൈദ്, സഅദ്, സകിയുദീൻ എന്നീ ആൺ മക്കളും സാജിത, സുമയ്യ, സാബിറ എന്നീ പെൺ മക്കളും. 
മൊയ്തീൻ മുസ്ലിയാരുടെ സഹോദരങ്ങൾ പരേതനായ മുഹമ്മദ് മുസ്ലിയാർ, പരേതനായ അബ്ദുല്ല, അബ്ദുൽ ലത്തീഫ് എന്നീ സഹോദരന്മാരും ആയിഷ, നഫീസ, ദൈനബി എന്നീ മൂന്നു സഹോദരികളും.

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അദ്ദേഹത്തെയും നമ്മെയുമെല്ലാം നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമേ..... ആമീൻ!

-Rafi Pallippuram
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template