Headlines News :
Home » , » എം. അബ്ദുല്ല

എം. അബ്ദുല്ല

Written By Unknown on Monday, 2 October 2017 | 15:30:00

Print Friendly and PDF


മേൽപറമ്പ്  പഴയ പള്ളിയുടെയും   മദ്രസ്സ കെട്ടിടത്തിന്റെയും  കിണറിന്റെയും  സമീപത്തായി  ഒരു  ഒറ്റ  ഖബറുണ്ടായിരുന്നു.  പള്ളി പുതുക്കി പണിയുമ്പോൾ   ആ  ഖബറിടം  പള്ളിക്കടിയിലായി.   മേൽപറമ്പുകാർ   ചെർച്ച  എന്ന്  വിളിച്ചിരുന്ന  കളനാട്  മുഹമ്മദിന്റേതായിരുന്നു  ആ  ഖബറിടം.  

വിദ്യാഭ്യാസത്തോട്  മുഖം  തിരിച്ചിരുന്നു  പൂർവ്വ  കാലം.   ഇന്ത്യക്ക്  സ്വാതന്ത്രം  ലഭിക്കുന്നതിന്   മുമ്പ്   ഉന്നത  വിദ്യാഭ്യാസം  നേടി  കേന്ദ്ര  സർക്കാറിന്റെ  കീഴിൽ ഇന്ത്യയുടെ  പല ഭാഗത്തായി   ഉയർന്ന  ഉദ്യോഗത്തിൽ  ജോലി  ചെയ്ത    മേൽപറമ്പിലെ   അപൂർവ്വ  പ്രതിഭ.
തന്റെ   ജീവിത  രീതി  കാലഘട്ടത്തിന്  വ്യത്യസ്തമായി   പുരോഗമന  ചിന്ത  പ്രതിഫലിപ്പിച്ച  മഹനീയ  വ്യക്തിത്വം.     ചെർച്ചാന്റെ  അദിൻച്ച  എന്ന   എം. അബ്ദുല്ല.    

ചെർച്ച  എന്ന  കളനാട്  മുഹമ്മദ്  ആയിഷ   ദമ്പതികളുടെ  അഞ്ചു  മക്കളിൽ  മൂത്ത   മകനായി  1923 ഏപ്രിൽ  19  ആം  തീയ്യതി  നെല്ലിക്കുന്നിൽ   അബ്ദുല്ലയുടെ  ജനനം.   ഇന്ത്യ  ബ്രിട്ടീഷ്  സാമ്രാജ്യത്വത്തിന്  കീഴിലുള്ള  കാലം.  സാക്ഷരത  10  ശതമാനത്തിൽ   താഴെ  മാത്രമുള്ള   കാലഘട്ടത്തിലാണ്   കളനാട്  മുഹമ്മദ്  മകനെ  മഠത്തിൽ  സ്കൂളിൽ  അക്ഷരാഭ്യാസത്തിനായി  ചേർക്കുന്നത്.    ചെറുപ്പത്തിൽ  തന്നെ  അദ്ദേഹം  പഠനത്തിൽ  മികവ്  കാണിച്ചിരുന്നു.   മഠത്തിൽ  സ്കൂളിലെ  പഠനത്തിന്  ശേഷം  ചന്ദ്രഗിരി  പുഴ കടന്ന്   കാസറഗോഡ്  ബോർഡ്  ഹൈ  സ്കൂളിൽ  നിന്നും  1942 ൽ   ഉയർന്ന  മാർക്കോടെ  എസ്. എസ്. എൽ. സീ  പാസ്സായി.   ആ കാലത്ത്   നമ്മുടെ  പ്രദേശത്ത്  നിന്നും   എസ്.എസ്. എൽ. സീ  പാസ്സായ  ആദ്യ മൂന്നു  പേരിൽ  ഒരാൾ  അബ്ദുല്ലയായിരുന്നു.  

ഇസ്ലാമിക  വിഷയങ്ങളിലും  അബ്ദുല്ലയ്ക്ക്  അപാരമായ  ജ്ഞാനമുണ്ടായിരുന്നു.    പരേതനായ  ചെമ്പരിക്ക  വലിയ  ഖാസി  സീ. മുഹമ്മദ്  കുഞ്ഞി  മുസ്ലിയാരുടെ   കീഴിലായിരുന്നു   ദീനി    വിദ്യാഭ്യാസം   അബ്ദുല്ല  നേടിയിരുന്നത്.   ഖുർആൻ, ഫിഖ്ഹ്, അറബിക് ഗ്രാമർ  തുടങ്ങിയ  വിഷയങ്ങൾ  അദ്ദേഹം  ഖാളിയുടെ  കീഴിൽ  നിന്നും പഠിച്ചു.  പരിശുദ്ധ  ഖുർആന്റെ  മിക്കവാറും  അധ്യായങ്ങൾ   അദ്ദേഹം  ഹൃദയസ്ഥമാക്കിയിരുന്നു.  ഇസ്ലാമിക  വിഷയങ്ങൾ  കൂടുതൽ  കൂടുതൽ  പഠിക്കാൻ  അദ്ദേഹം   ജീവിതാവസാനം  വരെ   സമയം കണ്ടെത്തിയിരുന്നു.   പണ്ഡിതൻമാരിൽ  നിന്ന്   ചോദിച്ചറിഞ്ഞും   സംശയ  നിവാരണം  നടത്തിയും   തന്റെ  അറിവുകൾ  അദ്ദേഹം  എന്നും  പരിപോഷിപ്പിച്ചു.   നമ്മെ  വിട്ടു പിരിഞ്ഞ  ബഹുമാനപ്പെട്ട ഖത്തീബ്  ഉസ്താദിന്റടുത്തിരുന്ന്  ഇസ്‌ലാമിക  വിഷയങ്ങൾ   പഠിക്കുമായിരുന്നു  അദ്ദേഹം.  

എസ് എസ് എൽ സീ  പാസായ  ഉടനെ  ഇന്ത്യൻ  പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്  വകുപ്പിന്റെ  മാംഗ്ലൂർ  ഹെഡ് പോസ്റ്റ് ഓഫീസിൽ  ക്ലർക്ക്  ആയി  താൽക്കാലിക  തസ്തികയിൽ   നിയമനം  ലഭിച്ചു.   തുടർന്ന്  താത്കാലിക    അടിസ്ഥാനത്തിൽ   തന്നെ  കർണാടകയിലെ  മുൽക്കി,  ഉഡുപ്പി  എന്നിവിടങ്ങളിലും  1943 വരെ  ജോലി  ചെയ്തു.  1944 ൽ   പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് റിക്രൂട്ട്മെന്റ്  പരീക്ഷ  പാസ്സായ  അബ്ദുല്ലയ്ക്ക് ഡിപ്പാർട്മെന്റിൽ  സ്ഥിര  നിയമനം  കൊച്ചി  ഹെഡ് പോസ്റ്റ് ഓഫീസിൽ  ലഭിച്ചു.    1953 ൽ  മധ്യപ്രദേശിലെ  ജബൽപൂരിൽ  RSA (റിപ്പീറ്റർ  സ്റ്റേഷൻ ഏജന്റ്) കോഴ്സ്  ട്രൈനിങ്ങിന്  ചേർന്നു.    കോഴ്സ്  പൂർത്തിയാക്കി  1954 ൽ  ഇന്ത്യൻ   ടെലെകമ്മ്യുണിക്കേഷൻ  വകുപ്പിൽ  കോഴിക്കോട്  ടെലിഫോൺ  എക്സ്ചേഞ്ചിൽ  നിയമനം  ലഭിച്ചു.   തുടർന്ന്   ഇന്ത്യയുടെ  പല ഭാഗത്തായി  ടെലെകമ്മ്യുണിക്കേഷൻ  വകുപ്പിൽ   ജോലി  ചെയ്ത  ശേഷം  1981 ൽ  സർക്കാർ  ജോലിയിൽ  നിന്നും  റിട്ടയർ  ചെയ്തു.   റിട്ടയർ  ചെയ്യുമ്പോൾ   കാസറഗോഡ്  ടെലിഫോൺ  എക്സ്ചേഞ്ചിലായിരുന്നു  അദ്ദേഹം  ജോലി  ചെയ്തിരുന്നത്.     

ചെർച്ചൻറെ  അദിൻച്ച  പഠിച്ചു  ഗവൺമെന്റിൽ  ഉന്നത  ജോലി ചെയ്തു എന്ന്  മാത്രമല്ല   തന്റെ  മക്കൾക്കും   ഉയർന്ന  വിദ്യാഭ്യാസം  നൽകി  അവരെ  അഭ്യസ്തവിദ്യാരാക്കി   സമൂഹത്തിന്   മാതൃകയാക്കി.  വിദ്യാഭ്യാസത്തിന്   നമ്മുടെ  നാട്ടിൽ  പരിമിതങ്ങളായ  സൗകര്യങ്ങൾ  ഉള്ളപ്പോൾ   തന്റെ  മക്കളെ  ദൂരെ  ദിക്കിലേക്കയച്ച്   അവരെ  പഠിപ്പിച്ചു  മിടുക്കരാക്കി.   ശിശു  രോഗ വിദഗ്ദനായ മൂത്ത  മകൻ  ഡോക്ടർ  റാഫി,  PWD  Excecutive  എഞ്ചിനീയർ  ആയിരുന്ന  പരേതനായ  എഞ്ചിനീയർ  ബഷീർ,   ദുബായിൽ  ബിസിനസ്സ്  ചെയ്യുന്ന  എഞ്ചിനീയർ  മജീദ്,   ഇംഗ്ലണ്ടിൽ    സൈക്കാട്രിസ്റ്റായി  ജോലി  ചെയ്യുന്ന  ഡോക്ടർ  റൗഫ്,  ഷാർജ  കസ്റ്റംസ്  ഉദ്യോഗസ്ഥൻ  മൻസൂർ  എന്നിവർ  അദ്ദേഹത്തിന്റെ  ആൺ മക്കളാണ്.    ഏക മകൾ  സുഹറ   ചെമ്മനാട്  ഗ്രാമ  പഞ്ചായത്ത്   മുൻ  അംഗമായിരുന്നു. 

ഇസ്‌ലാമിക  വിഷയങ്ങൾക്ക്  പുറമെ  കാലിക  വിഷയങ്ങളിലും   ലോക  കാര്യങ്ങളിലും   അദ്ദേഹത്തിന്  അപാരമായ  ജ്ഞാനമുണ്ടായിരുന്നു. 
1970 - 80 കാലഘട്ടത്തിൽ   അദ്ദേഹത്തിന്റെ വീട്ടിൽ  പോയി  ലോക  കാര്യങ്ങളും  ഇസ്‌ലാമിക   വിഷയങ്ങളും  ഒക്കെ  ചോദിച്ചറിഞ്ഞിരുന്ന  ഒരുപാട്  പേരുണ്ടായിരുന്നു.  പൊതുവെ  നിശബ്ദനായി  കാണുന്ന  അദ്ദേഹം  അത്തരം  സമയങ്ങളിൽ  ഒരു  അധ്യാപകനെ  പോലെ  വാചാലനായി  അവർക്കു  ക്ലാസ്സ്  എടുക്കാറുണ്ടായിരുന്നു.    സാമൂഹിക  രംഗത്ത്  അത്ര  സജീവമായിരുന്നില്ലെങ്കിലും   മേൽപറമ്പ്  ജമാഅത്ത്  കമ്മിറ്റിയിൽ   ആദ്യ  കാലങ്ങളിൽ  അദ്ദേഹം  പ്രവർത്തിച്ചിരുന്നു.      

സാങ്കേതിക  രംഗത്ത്   പുറം  ലോകം  അറിയാത്ത  ചില  സംഗതികൾ അദ്ദേഹം  വികസിപ്പിച്ചെടുത്തിരുന്നു.  വെള്ളം ടാങ്കിൽ  നിറയുമ്പോൾ  അലറാം  അടിക്കുന്ന  വിദ്യയും,  ടോർച്ചിന്റെ  വെളിച്ചം  തട്ടുമ്പോൾ  ഇലക്ട്രിക്ക്  സ്വിച് ഓണായി  ലൈറ്റും  ഫാനും  ഒക്കെ  പ്രവർത്തിക്കുന്ന  ലൈറ്റ് സെൻസർ  സിസ്റ്റം  ഒക്കെ   ഇന്ന്  പുതുമയുള്ളതല്ലെങ്കിലും   1970 കാലത്ത്   തന്നെ  അബുല്ല  സ്വന്തം  വികസിപ്പെച്ചെടുത്ത്  തന്റെ  വീട്ടിൽ  പ്രവർത്തിപ്പിച്ചിരുന്നു.         

PWD Superintending  എഞ്ചിനീയർ  ആയിരുന്ന  പരേതനായ  അഹമ്മദ്  (കളനാട്  എഞ്ചിനീയർ),  ഇപ്പോൾ  തലശേരിയിൽ   സ്ഥിര താമസമാക്കിയ   ഡോക്ടർ  അബ്ദുൽ  കാദർ,  നെല്ലിക്കുന്ന്  സീ. ടീ. മൊയ്‌ദീൻ  കുട്ടി  ഹാജിയുടെ  ഭാര്യ കുഞ്ഞിബി,   ഉപ്പള  പീ. കെ.  അഹമ്മദിന്റെ  ഭാര്യ  ഹനീഫ  എന്നിവർ  അബ്ദുല്ലയുടെ   സഹോദരങ്ങളാണ്.     

78  വർഷത്തെ   ഏവർക്കും  മാതൃകയാർന്ന   ജീവിതം  നയിച്ച് 
2001  ഒക്ടോബർ  2 ആം  തീയ്യതി  അബ്ദുല്ല  ഈ  ലോകത്തോട്  വിട പറഞ്ഞു.    നാഥാ, അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകി നമ്മെയെല്ലാം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ...... ആമീൻ!

-Rafi Pallippuram
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template