Headlines News :
Home » , » സൗമ്യനായ സീതു ഹാജി തായത്ത്

സൗമ്യനായ സീതു ഹാജി തായത്ത്

Written By Social Indians on Wednesday, 17 January 2018 | 14:54:00

Print Friendly and PDF

"കടവത്ത് പരന്ന് കിടക്കുന്ന വയലിൽ പൂത്തു നിൽക്കുന്ന കതിരുകൾക്കിടയിൽ അദ്ധ്വാനിക്കുന്ന ഒരു കർഷകനെ കാണാം. 
വയൽ വരമ്പിൽ കാലനക്കം കേട്ടാൽ തല ഉയർത്തി നോക്കി കുശലാന്വേഷണം നടത്തി നാട്ടു വിശേഷങ്ങൾ സംസാരിക്കുന്ന സൗമ്യനായ ഒരു മനുഷ്യ സ്നേഹി. 

1948 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിറന്നത് മുതൽ ഹരിത പതാകയേന്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കർമ്മ പോരാളി. ചെമനാട് പഞ്ചായത്തിൽ പാർട്ടിയെ കെട്ടി പടുക്കുന്നതിനു വേണ്ടി പ്രയത്നിച്ച വിപ്ലവകാരി 2017 നവംബർ 4 ന് ഈ ലോകത്തോട് വിട പറഞ്ഞു." 

കടവത്ത് തായത്ത് തറവാട്ടിൽ ഖാളിയാർ അഹമ്മദ് ഖദീജ ദമ്പതികളുടെ ഒമ്പതു മക്കളിൽ 1944 ഡിസംബർ 5 ആം തീയ്യതി സയീദ് എന്ന കടവത്ത് സീതുച്ച ജനിച്ചു. കളനാട് എൽ. പീ സ്കൂൾ ഓൾഡിൽ (മഠത്തിൽ സ്കൂൾ) നിന്നും സ്കൂൾ വിദ്യാഭ്യാസം. ചെറുപ്പത്തിലേ കൃഷിയോടായിരുന്നു അദ്ദേഹത്തിന് താല്പര്യം.

 

സ്‌കൂൾ പഠനത്തിന് ശേഷം സീതുച്ച മുഴുവൻ സമയ കർഷകനായി. പിന്നീട് കാസറഗോഡ് മാർക്കറ്റ് റോഡിൽ എരുതുംകടവ് സ്വദേശി മുഹമ്മദ് കുഞ്ഞി എന്നവരുമായി ചേർന്ന് പങ്കാളിത്തത്തിൽ ഒരു വളം ഡിപ്പോ ഉണ്ടാക്കി ഇരുപതു വർഷത്തിലധികം കച്ചവടം ചെയ്തിരുന്നു. ശേഷം മാർക്കറ്റ് റോഡിലെ കച്ചവടം നിർത്തി വീണ്ടും കൃഷിയിലേക്കു തന്നെ അദ്ദേഹം തിരിഞ്ഞു. 

പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം സീതുച്ചയ്ക്കായിരുന്നു. പിതാവിന്റെ വേർപാടിന് ശേഷം സഹോദരങ്ങൾക്ക് താങ്ങായി തണലായി കുടുംബത്തിന്റെ നെടുംതൂണായി സീതുച്ച മാറി. സഹോദരങ്ങൾക്ക് മാത്രമല്ല കുടുംബത്തിന് മൊത്തം സീതുച്ച എന്നും ഒരു നിറ സാന്നിധ്യമായിരുന്നു. 

കുടുംബത്തോട് എന്ന പോലെ കുടുംബ പാരമ്പര്യത്തിലും സീതുച്ച എന്നും നല്ല വില കൽപിച്ചിരുന്നു. സയീദ് എന്ന യഥാർത്ഥ പേരാണ് വിളിയിലും അവസാനം രേഖകളിലും സീതു എന്നായി മാറിയത്. 
രേഖപ്പെട്ട ചരിത്ര പ്രകാരം കീഴൂറിന്റെ പ്രഥമ ഖാസി പയോട്ട പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയീദ് മുസ്ലിയാർ സീതുച്ചാന്റെ പിതാവിന്റെ വലിയുപ്പയാണ്. എല്ലാ വർഷവും ശവ്വാൽ മാസം അവസാനത്തിൽ പയോട്ട പള്ളിയിൽ സയീദ് മുസ്ലിയാരുടെ ആണ്ടു നേർച്ചയും അതോടു അനുബന്ധിച്ചു ചീരണി വിതരണവും നടത്താറുണ്ട്. അതിനെല്ലാം ഇതുവരെ നേതൃത്വം നൽകിയിരുന്നത് കടവത്ത് സീതുച്ചയായിരുന്നു. 

മുസ്ലിം ലീഗിന്റെ പിറവി മുതൽ ലീഗിൽ ആകൃഷ്ടനായ സീതുച്ച ചെമ്മനാട് പഞ്ചായത്തിൽ വിശിഷ്യാ മേൽപറമ്പ് പ്രദേശത്തു പാർട്ടിയെ കെട്ടി പടുക്കുന്നതിൽ തന്റേതായ പണ്ട് വഹിച്ചിട്ടുണ്ട്. 
പാർട്ടിയുടെ ദൗർഭാഗ്യകരമായ പിളർപ്പ് ഉണ്ടായപ്പോൾ ഔദ്യോഗിക പക്ഷത്ത് തന്നെ ഉറച്ചു നിന്ന് അദ്ദേഹം. പ്രാദേശിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി ജനങ്ങളുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപ്പെട്ടു തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുമ്പോഴും പാർലമെന്ററി മോഹങ്ങളോ പാർട്ടിയിൽ സ്ഥാന മാനങ്ങളോ ആഗ്രഹിക്കാതെ എന്നും സാധാരണ ജനങ്ങൾക്കൊപ്പം നില കൊണ്ടു. മുസ്ലിം ലീഗിന്റെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും യോഗങ്ങളിലും എന്നും നേരത്തെ വന്നു മുൻ നിരയിൽ സജീവ സാന്നിധ്യമായ കടവത്ത് സീതുച്ചയെ കാണാമായിരുന്നു. അണികളുടെ നിർബന്ധത്തിനു വഴങ്ങി പലപ്പോഴും ശാഖാ പ്രസിഡന്റ് മുതൽ മറ്റു ഭാരവാഹിത്വങ്ങൾ സീതുച്ച ഏറ്റെടുത്തിട്ടുണ്ട്. ഒരു വേള ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആയും സീതുച്ച പ്രവർത്തിച്ചിരുന്നു. 
പലപ്പോഴും പഞ്ചായത്ത് ബോർഡിലേക്ക് സീറ്റിനായി പരിഗണിച്ചപ്പോഴൊക്കെയും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. ആ സീറ്റുകളൊക്കെയും പാർട്ടിക്ക് വിജയം സുനിശ്ചിതമായ സീറ്റുകളായിരുന്നു. 

മുസ്ലിം ലീഗിനെ അദ്ദേഹം ഒരു ആവേശമായി അതിലുപരി ഒരു വികാരമായി എന്നും നെഞ്ചിലേറ്റിയിരുന്നു. പാർട്ടി നേതാക്കളോടെന്ന പോലെ സാധാരണ പ്രവർത്തകരോടും സീതുച്ച ഒരു പ്രത്യേക സ്നേഹം നില നിർത്തിയിരുന്നു. കുറെ കാലം ചന്ദ്രഗിരി സ്കൂൾ പീ. ടീ. എ ഭാരവാഹിയായും അംഗമായും സീതുച്ച പ്രവർത്തിച്ചിരുന്നു. മുൻ കാലങ്ങളിൽ കലാലയ രാഷ്ട്രീയ സംഭവങ്ങളിൽ സ്‌കൂളിൽ അനിഷ്ട സംഭവങ്ങൾ ഒക്കെയുണ്ടാവുമ്പോൾ എം. എസ്. എഫിന്റെ കുട്ടികൾക്ക് വേണ്ടി പീ. ടീ. എ മീറ്റിങ്ങുകളിൽ സീതുച്ച വികാരപരമായി തന്നെ വാദിക്കുമായിരുന്നു. 

തിരഞ്ഞെടുപ്പുകളിൽ യു. ഡീ. എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വീട് വീടാന്തരം കയറി ഇറങ്ങി വോട്ടു ചോദിക്കാനും പ്രചാരണം നടത്താനും സീതുച്ച കർമ്മ വീഥിയിൽ സജീവമായിരുന്നു. ഈ അടുത്ത് ആരോഗ്യപരമായി വീട്ടിൽ വിശ്രമിക്കുന്നത് വരെയും. വിശ്രമ വേളയിലും അദ്ദേഹം വെറുതെയിരുന്നില്ല. അവസാനമായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വാർഡിലെ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി വാർഡിലെ പ്രവർത്തകരെ എന്നും വിളിച്ചു നിർദേശങ്ങൾ നൽകാനും പ്രവർത്തനങ്ങൾ വിലയിരുത്താനും സീതുച്ച പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. 

കടവത്ത് എന്ന പ്രദേശത്തിന് വെളിച്ചം നൽകുന്ന ഒരു വിളക്കായിരുന്നു സീതുച്ച. കടവത്തിന്റെയും കടവത്തുകാരുടെയും 
ദൈന്യം ദിന കാര്യങ്ങൾ അറിയുന്ന സീതുച്ച. കടവത്ത് നൂർ മസ്ജിദിന്റെയും മദ്രസ്സയുടെയും പരിപാലനത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തിയ ദീനി സ്നേഹിയായ വ്യക്തി. ദീർഘ കാലമായി കടവത്ത് നൂർ മസ്ജിദിന്റെ പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. 

2012 സെപ്തംബർ 18 ന് മേൽപറമ്പ് യൂത്ത് ലീഗ് കമ്മിറ്റി കടവത്ത് സീതുചാനെയും ഈ അടുത്ത് നമ്മെ വിട്ടു പിരിഞ്ഞ കട്ടക്കാൽ ഉമ്പിച്ചാനെയും അവരുടെ മുൻ കാല പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ആദരിച്ചിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എം. സീ. ഖമറുദീൻ അടക്കമുള്ള നേതാക്കൾ സംബന്ധിച്ച പരിപാടിയായിരുന്നു അത്. 
2016 മാർച്ച് മാസത്തിൽ എം. വൈ. എൽ ഒറവങ്കര യു. എ. ഇ കമ്മിറ്റി ദുബായിൽ നടത്തിയ ഓ പീ. എൽ വേദിയിൽ വെച്ച് കടവത്ത് സീതുചാനെ ആദരിച്ചിരുന്നു. ദുബായ് കെ. എം. സീ. സീ പ്രസിഡന്റ് അൻവർ നഹയായിരുന്നു അദ്ദേഹത്തിനുള്ള ഉപഹാരം സമ്മാനിച്ചിരുന്നത്. 

പ്രശസ്ത പണ്ഡിതനും ആദൂർ ഖാസിയുമായിരുന്ന കട്ടക്കാൽ സീതു കുഞ്ഞി മുസ്ലിയാരുടെ മകൾ ആയിഷയാണ് സീതുച്ചാന്റെ ഭാര്യ. മക്കൾ ഹസീന, നിഷാരി, റെമി, സിൽമീന, നവാസ്, നുവൈസ്, ഷാനി, തസ്‌ലി എന്നിവർ. 

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിറവി മുതൽ എന്നും അടിയുറച്ചു നിന്ന് പാർട്ടിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത അവശേഷിക്കുന്ന അവസാന കണ്ണികളിൽ നിന്നും കടവത്ത് സീതുച്ചായും യാത്രയായി. 
ഞാൻ എം. എസ്. എഫിൽ പ്രവർത്തിക്കുന്നത് മുതലാണ് സീതുചായുമായുള്ള സ്നേഹ ബന്ധം തുടങ്ങുന്നത്. ആ ആത്മ ബന്ധം അദ്ദേഹത്തിന്റെ മരണം വരെ നില നിന്നു. അക്കാലത്തു പരസ്പരം കാണുമ്പോൾ അദ്ദേഹം ആദ്യം അന്വേഷിച്ചിരുന്നത് പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് തന്നെയായിരുന്നു. പിന്നെ ഒരുപാട് ഉപദേശ നിർദേശങ്ങളും. അവധിക്കു നാട്ടിൽ ചെന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിക്കാൻ സമയം കണ്ടെത്തിയിരുന്നു. അവസാനമായി കണ്ടു സംസാരിച്ചത് ഇളയ മകന്റെ കല്യാണ ദിനത്തിലായിരുന്നു. പിന്നീട് സീതുചാനെ കാണുന്നത് അദ്ദേഹത്തിന്റെ നിശ്ചലമായ ശരീരത്തെയാണ്. 

നാഥാ, അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകി നമ്മെയെല്ലാം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ...... ആമീൻ!

-Rafi Pallippuram
Share this article :

0 comments :

Speak up your mind

Tell us what you're thinking... !

LIKE US ON FACEBOOK

Popular Posts

Melparamb Community

Receive all updates via Facebook. Just Click the Like Button Below

?

You Can also Receive Free Email Updates:

 
Support : Creating Website | Johny Template | Mas Template
Proudly powered by Blogger
Copyright © 2011. MELPARAMB.COM | Everything Around Melparamb - All Rights Reserved
Template Design by Creating Website Published by Mas Template